ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. കാട്ടു തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ മരിച്ചത്.
നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി വനത്തിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പിനും തീപിടിക്കുകയായിരുന്നു. ജീപ്പില്‍ നിന്ന് ചാടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപടരുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കാണ് പരിക്കേറ്റത്.
മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ സഹായധനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇതിനിടെ, ജമ്മു കശ്മീരിൽ രജൗരി പൂഞ്ച് ജില്ലകളിലും കഴിഞ്ഞ ദിവസം കാട്ടുതീ പടർന്നു പിടിച്ചു. രജൗരിയിലെ കല്ലാർ വനമേഖലയിൽ ഏക്കർ കണക്കിന് വനഭൂമിയിലേക്കാണ് തീ പടർന്നു കയറിയത്.
കൊട്രങ്ക സബ് ഡിവിഷനിലെ ധാറിലും മറ്റ് വനമേഖലകളിലും ഇന്നലെ വൈകിട്ട് തീ പിടുത്തമുണ്ടായി .തീ നിയന്ത്രണവിധേയമാക്കാൻ ഫയർ ആൻഡ് എമർജൻസി സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫയർ ടെൻഡറുകൾ സാധ്യമായ എല്ലാ വിധത്തിലും അധികാരികളെ സഹായിക്കുന്നുണ്ടെന്ന് രജൗരി ഫയർ സ്റ്റേഷൻ ഓഫീസർ മഖ്ബൂൽ ഹുസൈൻ പറഞ്ഞു.
ഇതൊടൊപ്പം കാൽസി , ചമ്പാവത്ത് , ലാൻസ്ഡൗൺ, കോർബറ്റ് ടൈഗർ റിസർവ് ഫോറസ്റ്റ് എന്നിവിടങ്ങളിലും തീ പിടിത്തം റിപ്പോർട്ട് ചെയ്തു.