തിരുവനന്തപുരം: കള്ളപ്പണ, ബിനാമി, സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് എന്‍ഫോഴ്സ്‌മെന്റ് അന്വേഷണം വിപുലീകരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇ.ഡി ചോദിച്ചെങ്കിലും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെന്ന നിലയില്‍ ലഭിച്ച പണമാണിതെന്നാണ് ബിനീഷ് ഇ.ഡിയോട് പറഞ്ഞത്. എന്നാല്‍ ഇ.ഡി ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറാണെന്ന കാര്യം സമ്മതിച്ചതിനാല്‍ ഇനി ഇതു സംബന്ധിച്ച കണക്കുകള്‍ ബിനീഷ് ബോധിപ്പിക്കേണ്ടി വരും.ബിനീഷിന് നിരവധി ബിനാമി ഇടപാടുകള്‍ ഉണ്ടെന്നാണ് ഇ.ഡി ഉറച്ചുവിശ്വസിക്കുന്നത്. അതിലൊന്നു മാത്രമാണ് യു.എ.ഇ കോണ്‍സുലേറ്റില്‍ വിസ സ്‌റ്റാമ്ബിംഗിന് കരാര്‍ ലഭിച്ച യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡെന്ന് ഇ.ഡി പറയുന്നു. ഇതുകൂടാതെ ബി കാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബി.ഇ കാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുള്‍സ് ഐ കോണ്‍സെപ്‌റ്റ്സ് എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്നും ഇ.ഡി കരുതുന്നു.
അതേസമയം, യു.എ.എഫ്.എക്‌സ് എം.ഡിയുമായി സൗഹൃദമുണ്ടെന്ന് ബിനീഷ് ഇ.ഡിയോട് സമ്മതിച്ചു. ഇരുവര്‍ക്കും തലസ്ഥാനത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തമുള്ളതായും ഇ.ഡിക്ക് വിവരം ലഭിച്ചു. എം.ഡി തിരുവനന്തപുരത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ ഉപയോഗിക്കാറുണ്ടെന്നും ബിനീഷ് മൊഴി നല്‍കി. ബെംഗളൂരു ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ മൊഴികളില്‍ നിന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൂന്നാറിലെ വസ്തുക്കച്ചവടത്തിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു.
ഇത് ഉറപ്പിക്കാനാണ് ഇനിയുള്ള അന്വേഷണം. തെളിവ് കിട്ടിയാല്‍ സിനിമാക്കാരിലേക്കും അന്വേഷണം നീളും.ലഹരിമരുന്നു കേസില്‍ കന്നട സിനിമലോകത്തെ അന്വേഷണവും അറസ്റ്റുകളും പൂര്‍ത്തിയാക്കിയ ശേഷം എന്‍സിബി മലയാള സിനിമാരംഗത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ഇതിന് മുന്നോടിയായാണ് മൂന്നാറിലേക്കുള്ള ഇഡിയുടെ അന്വേഷണം. മൂന്നാറിലെ വസ്തു ഇടപാടുകള്‍ സംബന്ധിച്ചു കേരള പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗവും അന്വേഷണം തുടങ്ങി.സംസ്ഥാനത്തിനു പുറത്തെ ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരനായിട്ടുണ്ടെന്നു ബിനീഷ് സമ്മതിച്ചിട്ടുണ്ട്.
സ്വന്തം ബിസിനസിന്റെ രേഖകള്‍ ഹാജാരാക്കാമെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണു മൂന്നാറിലെ ഹോട്ടലുടമയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. മലയാള സിനിമാനിര്‍മ്മാണ രംഗത്തെ കള്ളപ്പണ നിക്ഷേപങ്ങള്‍, ലഹരിമരുന്ന് ഇടപാടുകള്‍ എന്നിവ സംബന്ധിച്ചു ബിനീഷ് നല്‍കിയ മൊഴികളുടെ വിശ്വാസ്യതയും ഇഡി പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലെ തോട്ടം മേഖലയില്‍ 200 ഏക്കര്‍ ഭൂമി ലഹരിസംഘത്തിനുണ്ടെന്ന വിവരമാണ് അനൂപ് നല്‍കിയത്.
അനൂപിന്റെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ടെലിഗ്രാം മെസഞ്ചറില്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന മലയാളത്തിലെ 8 സിനിമാക്കാരുടെ വിവരങ്ങളുണ്ട്. കേരളത്തിനു പുറത്തെ ലഹരിപാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന 20 പേരുടെ വിശദാംശങ്ങള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ നിയാസില്‍ നിന്നും ലഭിച്ചിട്ടുണ്ട്.എന്നാല്‍ നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്നു ചിലര്‍ പണം മുടക്കാന്‍ വിസമ്മതിച്ചതോടെ ഭൂമിയുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണു സൂചന.