ബെംഗളുരു:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.