KeralaNews

താന്‍ ബി.ജെ.പി ഏജന്റോ? വൈകാരികമായി പ്രതികരിച്ച് ബിന്ദുകൃഷ്ണ

കൊല്ലം: താന്‍ കമ്മീഷന്‍ റാണിയും ബി.ജെ.പി ഏജന്റുമാണെന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കൊല്ലം ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ.

ബിന്ദുകൃഷ്ണയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഒറ്റപ്പെടുത്തി വളഞ്ഞിട്ട് ആക്രമിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് ഒരു വനിതയായ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ അവഹേളിക്കുന്നവർക്ക് അവരുടെ വീട്ടിലുള്ള ഒരു സ്ത്രീയോട് ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാൻ കഴിയുമോ. തെരഞ്ഞെടുപ്പിൻ്റെ ഫലം പൂർണ്ണമായി എത്തുന്നതിന് മുൻപ് തന്നെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തുടങ്ങിയതാണ് ഈ വേട്ടയാടൽ. ആരോടും പങ്കുവയ്ക്കുന്നില്ല എന്ന് ഉറപ്പിച്ചതാണ്. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറയണമെന്ന് ഇപ്പോൾ തോന്നുന്നു.

പാർട്ടി ജയിക്കുമ്പോൾ അതിൻ്റെ പങ്ക് പറ്റാൻ പല ആളുകളും ഉണ്ടാവും എന്നാൽ പരാജയപ്പെടുമ്പോൾ മൃഗീയമായി വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്യാറുള്ളത്. കെപിസിസി പ്രസിഡൻ്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും അതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

ഞാൻ കൊല്ലത്ത് ഡിസിസി പ്രസിഡൻ്റായി വരുമ്പോൾ കൊല്ലത്ത് 11 അസംബ്ലി മണ്ഡലങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ അവസ്ഥയിലായിരുന്നു. കരുനാഗപ്പള്ളിയിൽ സി.ആർ മഹേഷിൻ്റെ ചെറിയ പരാജയം ഒഴിച്ചാൽ ശേഷിക്കുന്ന മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളും പതിനേഴായിരത്തി എഴുന്നൂറ് മുതൽ നാൽപ്പതിനായിരം വോട്ട് വരെയുള്ള മാർജിനിലാണ് പരാജയപ്പെട്ടിരുന്നത്. കൊല്ലത്ത് തോൽവിയുടെ ശരാശരി റെയിഞ്ച് മുപ്പതിനായിരം വോട്ടായിരുന്നു.
ആ തോൽവി കാരണം പ്രവർത്തകരെല്ലാം മനോവീര്യം തകർന്ന് നിൽക്കുകയായിരുന്നു. പ്രവർത്തകർക്ക് ഊർജ്ജം കൊടുക്കുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. ഒരു ചെറിയ പ്രശ്‌നമുണ്ടായാൽ പോലും അവിടെയെല്ലാം ഓടിയെത്തി അവർക്ക് കരുത്ത് നൽകി, ആത്മവിശ്വാസം പകർന്നു. കൊല്ലത്ത് പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടി പോലും പരാജയപ്പെട്ടിട്ടില്ല. ചില പ്രദേശങ്ങളിൽ സംഘടനപരമായ പ്രശ്‌നങ്ങളുള്ളത് ഒഴിച്ചാൽ കൊല്ലത്ത് കോൺഗ്രസ് പാർട്ടിയിലെ തൊണ്ണൂറ്റിയെട്ട് ശതമാനം പേരും ഒറ്റക്കെട്ടാണ്.

കൊല്ലത്ത് ഇപ്രാവശ്യം സംഭവിച്ചത് വലിയ തോൽവിയാണെന്ന് പറയാൻ കഴിയില്ല. കോർപ്പറേഷനിൽ വലിയ തോൽവിയാണ് എന്നത് സമ്മതിക്കുന്നു. കേരളത്തിൽ മൊത്തമുണ്ടായിരുന്ന അലയൊലി കൊല്ലത്തും ഉണ്ടായിട്ടുണ്ട്. 2015ൽ എട്ട് പ‌ഞ്ചായത്ത് മാത്രമാണ് കിട്ടിയിരുന്നത്. ഇത്തവണ 22 പഞ്ചായത്ത് സ്വന്തം നിലയ്‌ക്ക് ഭരിക്കാനുണ്ട്. ആറ് പഞ്ചായത്തുകളിൽ കക്ഷിനില തുല്യം തുല്യമാണ്. കുറെ അധികം പഞ്ചായത്തുകൾ നേരിയ വ്യത്യാസത്തിലാണ് നഷ്‌ടപ്പെട്ടിട്ടുള്ളത്. ഒരു ബ്ലോക്ക് പഞ്ചായത്തും ലഭിച്ചു. ഒരു മുൻസിപ്പാലിറ്റിയിലും ഒപ്പത്തിനൊപ്പം എത്തി. അങ്ങനെ നോക്കുമ്പോൾ യുഡിഎഫ് തകർന്ന് പോയിട്ടില്ല. കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ കോർപ്പറേഷനിലാണ് വലിയ തകർച്ച നേരിട്ടത്. ചില സ്ഥലങ്ങളിൽ റിബൽ ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പക്ഷെ കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് റിബലുകളുടെ എണ്ണം കുറവായിരുന്നു. ഞാനും ശ്രീ എൻ.കെ പ്രേമചന്ദ്രൻ എംപിയും, ശ്രീ ഷിബു ബേബി ജോണും മറ്റ് കോൺഗ്രസ് നേതാക്കന്മാരും റിബൽ സ്ഥാനാർത്ഥികളെ വീടുകളിൽ പോയി കണ്ട് കുറേ സ്ഥാനാർത്ഥികളെ പിന്തിരിപ്പിച്ചിരുന്നു. ഏറ്റവും സിസ്റ്റമാറ്റിക്കായി നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്ന സീറ്റുകൾ പോലും അപ്രതീക്ഷിതമായി നഷ്‌ടപ്പെട്ടിട്ടുണ്ട്. പൊതുവായി കോർപ്പറേഷൻ മുഴുവൻ യു ഡി എഫിന് എതിരായ തരംഗമായിരുന്നു. എന്നാൽ എവിടെ പോയാലും ജനങ്ങൾ കോർപ്പറേഷന് എതിരായാണ് പരാതികൾ പറഞ്ഞുകൊണ്ടിരുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിരുന്നില്ല. ഞാൻ വ്യക്തിപരമായി ഒരാളെ പോലും വാശി പിടിച്ച് സ്ഥാനാർത്ഥിയാക്കിയിട്ടില്ല. എന്നോട് സ്വകാര്യമായി ആവശ്യപ്പെട്ടവരോടൊക്കെ മറ്റ് നേതാക്കന്മാരെ കാണാനാണ് ഞാൻ പറഞ്ഞിട്ടുള്ളത്. കെപിസിസി അംഗീകരിച്ച എട്ടംഗ കമ്മിറ്റി രണ്ടാഴ്‌ച ചർച്ച ചെയ്‌താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. എല്ലാ പഞ്ചായത്തുകളിലും താഴെ തട്ടിൽ നിന്നു വന്ന പേരുകൾ അംഗീകരിക്കുകയായിരുന്നു. കോർപ്പറേഷനിലും കൂട്ടായ തീരുമാനമായിരുന്നു.

സാമുദായികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും പരാജയത്തിൻ്റെ അടിസ്ഥാനപരമായ കാരണം പാർട്ടിയുടെ സാമ്പത്തികം ഇല്ലായ്‌മയായിരുന്നു.

പോസ്റ്ററുകൾ ഒട്ടിച്ചതിനെതിരെ കെ പി സി സിക്ക് ഒരു പരാതിയും ഞാനായി നൽകില്ല. ഇതിന് അപ്പുറമാണ് കെ പി സി സി നേതാക്കൾക്ക് എതിരെ പറയുന്ന ആക്ഷേപങ്ങൾ. ഭൂരിപക്ഷം പ്രവർത്തകരും നേതാക്കളും എനിക്കൊപ്പമുണ്ട്. യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരുമുണ്ട്. വെറുതെ വിവാദമുണ്ടാക്കാൻ ഞാനായി ഇല്ല. എല്ലാം ഈശ്വരനോട് പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും ഞങ്ങൾ ലീഡ് ചെയ്‌തത്. ഈ തോൽവിയുടെ ഘടകം എന്തായാലും പ്രവർത്തകർക്ക് കടുത്ത നിരാശ ഉണ്ടായിട്ടുണ്ട്. അവരെ വിശ്വാസത്തിൽ എടുക്കും. അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. അവരെല്ലാം ഉണർന്ന് പ്രവർത്തിക്കും. നേതൃത്വവും അവർക്കൊപ്പമുണ്ടാകും. ഈ പോസ്റ്റർ ഒട്ടിച്ച ആളുകളെയൊക്കെ ഞങ്ങൾക്കറിയാം. ബിന്ദുകൃഷ്ണ പേയ്‌മെന്റ് നടത്തിയെന്നാണ് പറയുന്നത്. 1348 സ്ഥാനാർത്ഥികളാണ് കൊല്ലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. ആ സ്ഥാനാർത്ഥികളോടോ, കുടുംബത്തോടോ, രക്ഷകർത്താക്കളോടോ ആർക്കും അന്വേഷിക്കാം ഒരു ചായ പോലും ഞാൻ അവരുടെ കൈയിൽ നിന്ന് വാങ്ങി കുടിച്ചിട്ടില്ല. ജീവൻ പോയാലും അഭിമാനമാണ് എനിക്ക് വലുത്. ഒരാളോട് പോലും ഞാൻ പണം ചോദിച്ചിട്ടില്ല. സഹപ്രവർത്തകരാണ് പാർട്ടി പ്രവർത്തനത്തിന് പോലും പണം കണ്ടെത്തി നൽകാറുള്ളത്. ഒരു ലക്ഷം രൂപയുടെ ആവശ്യമുണ്ടെങ്കിൽ കണ്ടെത്തി നൽകുന്നത് അറുപതിനായിരം രൂപ ആയിരിക്കും. ശേഷിക്കുന്നത് കടമാണ്. ഒരുപാട് കടമുണ്ട്. മുപ്പത്തിയഞ്ച് വർഷമായി പണി പൂർത്തിയാക്കാതെ കിടന്ന കൊല്ലത്തെ പാർട്ടി ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത് ഈ കാലഘട്ടത്തിലാണ്.

ഈ തിരഞ്ഞെടുപ്പിന് സ്വന്തം ബൂത്തിൽ പോലും പ്രവർത്തനത്തിന് ഇറങ്ങാത്തവരാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഞാൻ ഒരു സാധാരണക്കാരിയാണ്. ഇതിനു മുമ്പും ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ബി ജെ പിക്ക് എതിരായി വളരെ ഷാർപ്പായാണ് ഞാൻ കടന്നാക്രമണം നടത്താറുള്ളത്. സി പി എമ്മുകാർ പോലും പലപ്പോഴും ചോദിക്കാറുണ്ട് എന്തിനാണ് എത്രയും ആക്രമിക്കുന്നതെന്ന്. കേന്ദ്ര-സംസ്ഥാന-പ്രാദേശിക വിഷയങ്ങളിലുൾപ്പടെ പ്രതികരിക്കേണ്ട എല്ലായിടത്തും സമയബന്ധിതമായി ഓടിയെത്തി പ്രതികരിക്കുന്ന ഒരാളാണ് ഞാൻ. ‌ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ല അങ്ങനെ ചെയ്യാൻ കഴിയുകയുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button