ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും എല്‍.ജി.ബി.ടി.ക്യൂ.ഐ.എ വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എന്‍.സി.പി എം.പി സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘ഭാര്യ, ഭര്‍ത്താവ്’ എന്ന നൂറ്റാണ്ടുകളായി പേറുന്ന അടിമത്തം കൂടി അവസാനിപ്പിക്കാനുള്ള ആഹ്വാനം തീര്‍ച്ചയായും പുരോഗമന മനുഷ്യര്‍ക്കാകെ അഭിമാനവും ആവേശവും പകരുന്നതാണെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. മധുവന്തി വൈദേഹി എന്നയാളുടെ പോസ്റ്റ് ആണ് ബിന്ദു അമ്മിണി പങ്കുവെച്ചിരിക്കുന്നത്.
1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകള്‍ക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കില്‍ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കില്‍ 18 വയസും ആയി നിജപ്പെടുത്താനാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായ ഒരു മാറ്റമായിരുന്നെങ്കിലും, എല്‍.ജി.ബി.ടി.ക്യൂ.ഐ.എ വ്യക്തികള്‍ ഇപ്പോഴും സമൂഹത്തിനുള്ളില്‍ വിവേചനം നേരിടുന്നുതായി സുപ്രിയ സുലേ പറഞ്ഞു.
എല്ലാ ന്യൂനപക്ഷ ലിംഗ വിഭാഗങ്ങള്‍ക്കും കൂടി ഇണയായി ജീവിക്കാനുള്ള, വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ വിജയിക്കുക തന്നെ വേണമെന്ന് ബിന്ദു അമ്മിണി പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. ‘ഭാര്യ, ഭര്‍ത്താവ് എന്നത് അവസാനിപ്പിക്കണം എന്ന് പറയുമ്പോള്‍, ഇതാരെയും അവഹേളിക്കാനോ ഇപ്പോഴുള്ള ദമ്പതികളെ പരിഹസിക്കാനോ അല്ല.
പകരം, ഇണകളായി പരസ്പരം ഒരേ അവകാശവും സ്വാതന്ത്ര്യവും വിശ്വാസവും പ്രണയവും വാത്സല്യവും എല്ലാം പകരുന്ന ബോധം ആകണം ഭാര്യാഭര്‍തൃ സങ്കല്പം എന്നതാണ് അതിന്റെ ഉദ്ദേശം. അല്ലാതെ വിവാഹം തകര്‍ക്കലല്ല അതിന്റെ ലക്ഷ്യം’, പോസ്റ്റില്‍ പറയുന്നു.