ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷയില്‍ തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളെയും മോചിപ്പിച്ചതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ശിക്ഷ ഇളവ് നല്‍കി മോചിപ്പിക്കപ്പെട്ട പതിനൊന്ന് പ്രതികള്‍ക്കും കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.
സിപിഎം നേതാവ് സുഭാഷിണി അലി, ലോക്‌സഭാംഗം മഹുവ മൊയിത്ര, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. പതിനാല് പേരെ കൊല്ലുകയും ഗര്‍ഭിണിയായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പതിനൊന്ന് പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാ ഇളവ് റാദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ശിക്ഷ ഇളവിനുള്ള ആനുകൂല്യം കുറ്റവാളികള്‍ക്ക് ഇല്ലെന്നാണോ ഹര്‍ജിക്കാരുടെ നിലപാടെന്ന് കോടതി ആരാഞ്ഞു.
എന്നാല്‍, ഈ കുറ്റവാളികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ ഇളവ് നല്‍കിയത് കോടതി പരിശോധിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്‍കാന്‍ സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു