നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം; യുവാവിന്റെ കാല്‍ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനവും

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തില്‍ ഒടിഞ്ഞു തൂങ്ങി. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ഒടിഞ്ഞത്.

അഭ്യാസപ്രകടനത്തിനിടെ റോഡിന്റെ നടുവിലേക്ക് ഉണ്ണികൃഷ്ണന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ അതുവഴി മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഈ ബൈക്കിലുണ്ടായിരുന്നവരും നാട്ടുകാരും ഉണ്ണികൃഷ്ണനെ മര്‍ദിക്കുകയും ചെയ്തു.

ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാര്‍ ഡാം റിസര്‍വോയറിനോട് ചേര്‍ന്നുള്ള റോഡില്‍ റേസിംഗ് നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.

മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കളാണ് റേസിംഗ് നടത്തിയത്. ഡാം കാണാനെത്തിയ വരും പ്രദേശത്ത് ഉണ്ടായിരുന്നു. പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News