ബൈക്ക് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയിൽ മൂന്നു വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വഴയില വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കിൽ വരികയായിരുന്നു എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കൂടുതൽ വിശദാംശങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News