മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസിന് അടിയിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് കൊല്ലം ശൂരനാട്ടാണ് അപകടമുണ്ടായത്. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെണ്‍മണിയിലുള്ള കുടുംബ വീട്ടിലേക്ക് മകന്‍ സിബിനൊപ്പം ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ശൂരനാട്ടുവെച്ച് അപകടമുണ്ടായത്. ബൈക്ക് റോഡില്‍ നിന്ന് തെന്നി മാറി മറിയുകയായിരുന്നു. തുടര്‍ന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് അപകടം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമായത്. ഫോന്‍സിക് വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News