കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അപമാനിച്ചത് സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. അന്ന് പാർട്ടി എഴുതിക്കൊടുത്തത് വിഎസ് നിയമസഭയിൽ വായിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ തെറ്റു സംഭവിച്ചെന്ന് സിപിഎം ആത്മാർഥമായി പറയണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
സോളർ വിഷയത്തിൽ നീചമായ രീതിയിൽ വ്യക്തിഹത്യ നടത്തിയവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയെ വാഴ്ത്തുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്നാണ് ബിജു രാധാകൃഷ്ണൻ എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ എന്റെ അടുത്ത് സ്വകാര്യമായി പറഞ്ഞ ഒരു കാര്യം ഞാൻ പുറത്തു പറയില്ല എന്നാണ് എതിരാളികൾ ആഞ്ഞടിച്ചപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത്. ഉപയോഗിച്ച സാധനത്തിന്റെ ഗുണം കൊണ്ടാണ് വിനായകന്റെ മനസ്സിലുള്ളത് പുറത്തുവന്നതെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു.
‘‘കഴിഞ്ഞ മൂന്നു ദിവസം ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം ഈ നാട്ടിലെ സാധാരണ ജനങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി പല പ്രതികരണങ്ങളും നിരന്തരം നമുക്കു വീക്ഷിക്കാൻ പറ്റി. വിനായകനേപ്പോലുള്ളവരുടെ പ്രതികരണങ്ങൾ വന്നു. അതിൽ, കഴിച്ച അല്ലെങ്കിൽ ഉപയോഗിച്ച സാധനത്തിന്റെ ഗുണം കൊണ്ടാണ് ഉള്ളിലുള്ളത് പുറത്തുവന്നത്.
പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. ഉമ്മൻ ചാണ്ടി മഹാനാണ് എന്ന് പറഞ്ഞ് പലരും മത്സരിച്ച് പ്രസ്താവനകൾ കൊടുക്കുമ്പോൾ, ഞങ്ങൾക്ക് തെറ്റു പറ്റി എന്നൊരു ഏറ്റുപറച്ചിൽ കൂടി അതിനിടെ ഞാൻ പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയ എതിർപ്പുകളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം ഏറ്റവും നീചമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയാണ് അവർ ചെയ്തത്. ഇതൊക്കെയാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്. ഇംഗ്ലിഷിൽ ഹിറ്റിങ് ബിലോ ദി ബെൽറ്റ് എന്ന് പറയുന്ന രീതിയിലായിരുന്നു ആക്രമണം.’
‘‘രണ്ട് പെൺമക്കളുടെ അച്ഛനായ, പേരക്കുട്ടികളുമുള്ള അദ്ദേഹത്തെ സ്ത്രീവിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തി പ്രതികരണം നടത്തിയവർ തന്നെയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി മഹാനാണ് എന്ന് പറയുന്നത്. വേണമെങ്കിൽ വിഎസിന്റെ പേരു പറഞ്ഞു പോകാം. പക്ഷേ ആ അഞ്ച് വർഷക്കാലവും വിഎസ് സ്വന്തമായി ഒന്നും പറഞ്ഞില്ല. ആ അഞ്ച് വർഷവും ആരോ എഴുതിക്കൊടുത്തത് വായിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്പോൾ അതിനു പിന്നിൽ ആ പാർട്ടിയുടെ നിലപാടു തന്നെയായിരുന്നു എന്നത് വ്യക്തമല്ലേ?’
‘‘ഞാൻ ഉമ്മൻ ചാണ്ടിയുടെ മഹത്വം കാണുന്നത് ഇതിലൊന്നുമല്ല. ഈ വിഷയം പൊന്തിവന്നപ്പോൾ അതിന് ഏറ്റവും വിശ്വാസ്യത നൽകിയത്, ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. നിയമസഭയിൽ ഉൾപ്പെടെ അക്കാര്യം പറഞ്ഞ് എതിരാളികൾ ആഞ്ഞടിച്ചപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത്, എന്റെ അടുത്ത് സ്വകാര്യമായി പറഞ്ഞ ഒരു കാര്യം ഞാൻ പുറത്തു പറയില്ല എന്നാണ്. അതാണ് പല അഭ്യൂഹങ്ങൾക്കും വഴിവച്ചത്.’
‘‘അന്ന് താൻ ഒറ്റയ്ക്കായിരുന്നില്ല, ഒപ്പം ഒരു മാധ്യമപ്രവർത്തകനും ഉണ്ടായിരുന്നു എന്നും അദ്ദേഹം അന്നുതന്നെ പറഞ്ഞിരുന്നു. അവിടെ സംഭവിച്ചത് എന്താണെന്ന് മരിക്കുന്നതുവരെ ഉമ്മൻ ചാണ്ടി പുറത്തു പറഞ്ഞില്ല എന്നതിലാണ് ഞാൻ അദ്ദേഹത്തിന്റെ മഹത്വം കാണുന്നത്. എന്താണ് അവിടെ പറഞ്ഞതെന്ന് ഞങ്ങളിൽ കുറച്ചു പേർക്കൊക്കെ അറിയാമായിരുന്നു. ബിജു രാധാകൃഷ്ണൻ പറഞ്ഞത്, ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് അയാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്നാണ്.
മരിക്കുന്നതു വരെ അദ്ദേഹം അത് വെളിപ്പെടുത്തിയില്ല എന്നു പറയുമ്പോൾ, ആരെയാണോ അദ്ദേഹം സംരക്ഷിക്കാൻ ശ്രമിച്ചത് അവർ തന്നെ പിൽക്കാലത്ത് ഈ അവിഹിത ബന്ധം കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജരേഖകൾ പോലും ചമച്ചു എന്നുള്ള സാഹചര്യമുണ്ട്. എന്നിട്ടു പോലും അദ്ദേഹം ഒന്നും വെളിപ്പെടുത്തിയില്ല. അതിലാണ് അദ്ദേഹത്തിന്റെ മഹത്വമെന്ന് ഞാൻ കരുതുന്നു.’
‘‘ഒരു സിഡിയുടെ കാര്യം ബിജു രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. എന്റെ പേരിലും ഒരു സിഡി ഉണ്ട് എന്നു പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ, വേറൊരു മന്ത്രിയുടെ, അങ്ങനെ മൂന്നു പേരുടെ സിഡി ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ അത് പുച്ഛിച്ചു തള്ളിയെങ്കിലും, ആ സിഡി എടുക്കാൻ പോയ ദിവസം ഒരു അങ്കലാപ്പ് ഉണ്ടായി. ഇവർ പോയി എന്താണ് എടുത്തുകൊണ്ടു വരുന്നത് എന്ന് ആർക്കറിയാം. ഞാൻ അന്ന് അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് അറിയാമോ? അപ്പോൾ ഈ മനുഷ്യൻ അനുഭവിച്ച ടെൻഷൻ എത്രത്തോളമായിരിക്കും?’
‘‘നെഞ്ചിലേക്ക് കല്ലെറിഞ്ഞു എന്നതിലോ അതിന്റെ വേദനയോ അല്ല, നെഞ്ചിൽ കഠാര കുത്തിയിറക്കുന്ന വേദന അനുഭവിച്ച് ആ മനുഷ്യൻ കേരളത്തിലെ സാധാരണ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു എന്നു പറയുമ്പോൾ മഹത്വം മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. അദ്ദേഹം രാഷ്ട്രീയ പ്രവർത്തിന് പുതിയൊരു പാത വെട്ടിത്തുറന്നിട്ടിട്ടാണ് പോയിരിക്കുന്നത്.
ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കേണ്ട ഒട്ടനവധി പാഠങ്ങൾ പകർന്നു നൽകിയാണ് അദ്ദേഹം പോയത്. ഇനിയെങ്കിലും ഈ വൃത്തികെട്ട രാഷ്ട്രീയം ഇനി കേരളത്തിൽ ഉണ്ടാകില്ല എന്ന പൊതുതീരുമാനം ഉണ്ടാകണം എന്നാണ് എനിക്കു പറയാനുള്ളത്.’ – ഷിബു ബേബി ജോൺ പറഞ്ഞു.