മമ്മൂക്കയുടെ പേരിനോടുചേർന്നുതന്നെ എന്റെ പേരുവന്നത് അവാർഡ് കിട്ടിയതിന് തുല്യം:കുഞ്ചാക്കോ ബോബൻ
കൊച്ചി:സിനിമ എന്നത് ഒരു ആഗ്രഹമേ അല്ലാതിരുന്ന ആളായിരുന്നു താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലേക്ക് വന്ന് ഇടക്കാലത്ത് അവധിയെടുക്കുകയും വീണ്ടും സിനിമയിലേക്ക് വരണമെന്നും ആഗ്രഹിച്ച വ്യക്തിയല്ല. ഇപ്പോൾ സിനിമകൾ മാത്രം സ്വപ്നം കാണുന്ന ഒരാളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇത്തവണത്തെ അവാർഡ് ജേതാക്കളെ ജോലി സംബന്ധമായും വ്യക്തിപരമായും അറിയുന്ന ആളുകളാണ് എന്നത് സന്തോഷം നൽകുന്നു. മലയാളത്തിൽ നിന്ന് 2022-ൽ മേന്മയേറിയ ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ‘ന്നാ താൻ കേസ് കൊട്’. വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാർത്ഥ്യം മനസിലാക്കിയാണ് പ്രേക്ഷകർ സിനിമ കണ്ടത്. വിവാദങ്ങൾ ഒരിക്കലും സിനിമയെ ബാധിക്കില്ല. അറിഞ്ഞോ അറിയാതെയോ ഒരു സിനിമയുടെ മാർക്കറ്റിങ് സ്ട്രാറ്റജിയായി വിവാദങ്ങൾ മാറാറുമുണ്ട്.
എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അവാർഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത്. ദുബായ് ട്രിപ്പ് കഴിഞ്ഞുവരുന്ന സമയത്ത് വിമാനത്താവളത്തിൽ നിൽക്കുമ്പോൾ ഒരു കുടുംബം കാണാൻ വന്നു. അക്കൂട്ടത്തിലെ ഗൃഹനാഥൻ പറഞ്ഞു, നമ്മൾ ഒരേ നാട്ടുകാരാണെന്ന്. ആലപ്പുഴക്കാരനാണോ എന്ന് ചോദിച്ചപ്പോൾ അല്ല കാസർകോട്ടുകാരനാണ് എന്ന് പറഞ്ഞു. ആ ചോദ്യം അവാർഡ് കിട്ടിയതിന് തുല്യമായിട്ടാണ് തോന്നിയത്.
മമ്മൂക്കയുടെ പേരിനൊപ്പം എന്ന് ഞാൻ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോടുചേർന്നുതന്നെ എന്റെ പേരുവന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യമാണ്. എനിക്കൊപ്പം അവാർഡ് കിട്ടിയ അലൻസിയർ ചേട്ടനാണെങ്കിലും ഞങ്ങൾക്ക് ആർക്ക് കിട്ടിയാലും സന്തോഷം എന്ന് വിചാരിക്കുന്ന വ്യക്തികളാണെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.