തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ കോഴക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും ശ്രമിച്ചെന്നാണ് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
കേസില്‍ നിന്ന് പിന്മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം. മാണി പിണറായിയെ കണ്ടതിനു പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടന്നത്. വിജിലന്‍സില്‍ വിശ്വാസമില്ലെന്നും ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ തന്റെ മൊഴി വിജിലന്‍സ് കൃത്യമായി രേഖപ്പെടുത്തിയില്ല. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇതെന്ന് കേസ് അന്വേഷണത്തിന്റെ ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായും ബിജു രമേശ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായി താന്‍ ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം പ്രഹസനമാകുകയാണ്. ഈ കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ് വേണ്ടത്. എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ച് കേസുകള്‍ ഇല്ലാതാക്കുകയാണെന്നും ബിജു രമേശ് കുറ്റപ്പെടുത്തി.