KeralaNews

ബിജു പ്രഭാകര്‍ തെറിച്ചേക്കും, കെ.എസ്.ആർ.ടി.സിയിൽ അഴിച്ചുപണിക്ക് ഗണേശ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മേധാവി സ്ഥാനത്തു നിന്നു ബിജു പ്രഭാകറിനെ നീക്കിയേക്കും. തന്റെ നിലപാടുമായി ഒത്തുപോകുന്ന സി.എം.ഡിയെ വേണമെന്ന് മന്ത്രി ഗണേശ്‌കുമാർ മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് സൂചന. ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്നു ബിജുവിനെ ഉടൻ മാറ്റാനിടയില്ല.

ഇ ബസ് നഷ്ടമാണെന്ന് അധികാരമേറ്റയുടൻ ഗണേശ്‌കുമാർ വാദിച്ചിരുന്നു. മന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് കെ.എസ്.ആർ.ടി.സിയുടേതായി പുറത്തുവന്നത്. ഇത് ഗണേശ്‌കുമാറിനെ ചൊടിപ്പിച്ചിരുന്നു.

ഗണേശ്‌കുമാർ ചുമതലയേറ്റെടുത്തതിനു പിന്നാലെ നടത്തിയ ചർച്ചയിൽ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചിരുന്നു. എം.ഡ‌ി സ്ഥാനം ഏപ്രിലിൽ ജോയിന്റ് എം.ഡി പ്രമോജ് ശങ്കറിനു നൽകണമെന്നും താൻ ചെയർമാനായി തുടരാമെന്നുമാണ് ബിജു പ്രഭാകർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിൽ സി.എം.ഡി സ്ഥാനത്തു നിന്നു മാറാനുള്ള സന്നദ്ധത ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

അന്ന് മന്ത്രി ആന്റണിരാജുവാണ് പിന്തിരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രതിദിനവരുമാനം ഒമ്പത് കോടി പിന്നിട്ടിരുന്നു.ആന്റണി രാജു നടപ്പിലാക്കിയ പരിഷ്കരണങ്ങളിലെല്ലാം മാറ്റം നിർദേശിച്ചിരിക്കുകയാണ് ഗണേശ്‌കുമാർ. ഇ ബസിന് പുറമെ, രണ്ടര വർഷത്തിനിടെ നടപ്പാക്കിയ ഷെഡ്യൂൾ, ഡ്യൂട്ടി, സ്‌പെയർവാങ്ങൽ, ഓൺലൈൻ പരിഷ്‌കരണങ്ങളിലെല്ലാം മാറ്റം നിർദേശിച്ചിട്ടുണ്ട്.


ഇ ബസിന്റെ കാര്യത്തിൽ മന്ത്രിയെ സി.പി.എം തിരുത്തിയെങ്കിലും സ്മാർട്ട് സിറ്റി, കിഫ്ബി, പി.എം. ഇ സേവ എന്നിവയിലെ ഇ ബസുകൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ രാത്രിയാണ് ബിജു പ്രഭാകർ തിരിച്ചെത്തിയത്.

കെ.എസ്.ആർ.ടി.സിയിൽ ഈയിടെ എക്സിക്യൂട്ടീവ് ഡയറക്ടമാരായി നിയമിച്ച നാല് കെ.എ.എസുകാരിൽ ഒരാളെ എം.ഡി സ്ഥാനത്ത് എത്തിക്കാനും അണിയറ നീക്കമുണ്ട്. ബിജു പ്രഭാകറിന്റെ നിർദേശം പരിഗണിച്ചാണ് നാലു കെ.എ.എസുകാരെ നിയോഗിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button