KeralaNews

വിദേശ സെമിനാർ വിവാദം:പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിൽ,ഫണ്ട് ചെലവാക്കുന്നത് കെ എസ് ആർ ടി സിയല്ലെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം: വിദേശ യാത്രാ വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. ആംസ്റ്റർഡാമിലെ സെമിനാറിൽ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്നും ഫണ്ട് ചെലവാക്കുന്നത് കെ എസ് ആർ ടി സിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാ​ഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ, ന​ഗരകാര്യ സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവിൽ താൻ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെതർലാൻസിലെ ആംസ്റ്റർഡാമിൽ മേയ് 11, 12 തീയതികളിൽ നടക്കുന്ന അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസായ ക്ലീൻ ബസ്സ് ഇൻ യൂറോപ്പിൽ പങ്കെടുക്കാനാണ് ബിജു പ്രഭാകറിന് അനുമതി ലഭിച്ചത്. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് രംഗത്ത് വന്നത്. ആംസ്റ്റർ ഡാമിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ​ഗതാഗത സെക്രട്ടറിമാർ, ​ട്രാൻസ്പോർട്ട് കമ്മീഷണർമാർ, പൊതുമേഖലയിൽ ഉള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സിഇഒമാർ തുടങ്ങിയവർക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതാണെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.

സാധാരണ ഡെലി​ഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്. പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നൽകിയാൽ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോൾ ​ഗതാ​ഗത/ന​ഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ കോൺഫറൻസിൽ പങ്കെടുക്കാൻ ബിജു പ്രഭാകറിന് അനുവാദം നൽകിയത്.

കേരളത്തിന് പുറമെ ഇന്ത്യയിൽ നിന്നും അഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ​ഗതാ​ഗത വകുപ്പിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഹിമാചൽ‌ ആർടിസി (Himachal RTC) വൈസ് ചെയർമാൻ ആൻഡ് എംഡി സന്ദീപ് കുമാർ, ഉത്തർപ്രദേശ് ആർടിസി (UPSRTC) എംഡി രാജേന്ദ്ര പ്രതാപ് സിം​ഗ്, പൂണെ മാഹാന​ഗർ പഹിവഹൻ മഹാമണ്ടൽ ലിമിറ്റിഡ് (PMPML) ജോയിന്റ് എംഡി ഡോ. ചേതന കേരൂറെ, അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്സ് ഡൽഹി (ASRTU) അസിസ്റ്റന്റ് ഡയറക്ടർ പ്രഭുൽ മഠ്, തെലുങ്കാനാ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എ‍ഞ്ചിനീയർ സന്തോഷ് കുമാർ പൊലാമല്ല എന്നിവരാണ് ഇന്ത്യയിൽ ബിജു പ്രഭാകറിന് പുറമെ പങ്കെടുക്കുന്നവർ.

കെഎസ്ആർടിസി ഡീസലിൽ നിന്നും മാറി അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങളിലേക്ക് മാറുന്ന കാലഘട്ടം കൂടിയാണിത്.
സംസ്ഥാന ബഡ്ജറ്റിൽ 10 ഹൈഡ്രജൻ ബസ് വാങ്ങാൻ തീരുമാനിക്കുകയും, അതിന് വേണ്ടിയുള്ള തുക കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് ബസിന് പുറമെ , സിഎൻജി, എൽഎൻജി ബസുകൾക്കും, കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് പോലെ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഇന്ധനങ്ങളിലേക്ക് എങ്ങനെ മാറാം എന്ന കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ​ഗതാ​ഗത വകുപ്പ് പഠനം നടത്തുന്ന സമയത്താണ് ഇത്തരത്തിലൊരു കോൺഫറൻസ് നടക്കുന്നത്. ഒരു ബസ് വാങ്ങുന്നത് 15 വർഷത്തേക്കാണ്. അത് വാങ്ങുന്നതിന് മുൻപ് ഇതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർ ഇതിന്റെ ടെക്നോ, എക്ണോമിക് പ്രായോഗികത മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോൺഫറൻസുകൾ ഗുണം ചെയ്യുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

ബസ് വാങ്ങുന്നതിന്റെ നയരൂപീകരണം, ക്ലീൻ ഇന്ധനത്തിലുള്ള ബസുകളുടെ നിലവാരം, ബസുകളുടെ വാങ്ങൽ പ്രക്രിയ, സാമ്പത്തിക സ്രോതസുകൾ,
നിയമ സാങ്കേതിക വശങ്ങൾ, നൂതന സാങ്കേതിക വിദ്യ‌, പ്രവർത്തന കാലഘട്ടത്തിലെ വരുമാനത്തെക്കുറിച്ചും, ചിലവിനെക്കുറിച്ചുമുള്ള വിശകലനം, ട്രാൻസ്പോർട്ട് അതോറിറ്റി ഓപ്പറേറ്റീവ്, വെന്റേഴ്സ്, ഇങ്ങനെ വളരെയധികം കാര്യങ്ങൾ മനസിലാക്കാൻ ഇത്തരത്തിലുള്ള കോൺഫറൻസ് കൊണ്ട് ​പ്രയോജനകരമാകും. ബയോ ​ഗ്യാസ്, ബയോ ഡീസൽ, എൽപിജി, എൽഎൻജി, ​ഗ്യാസ് ലിക്വിഡ്, ഹൈഡ്രോ ട്രീറ്റഡ് വെജിറ്റബിൽ ഓയിൽ, ബയോ മാസ്റ്റിഡ് ലിക്വിഡ്, ബയോ എത്തനോൽ, ഹൈഡ്രജൻ, സിഎൻജി, ഇലക്ട്രിക് തുടങ്ങിയ വിവിധ തരത്തിലുള്ള സമാന്തരമായ ഇന്ധനങ്ങൾ, ബസുകളിൽ ഉപയോ​ഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് മനസിലാക്കാനുള്ള ചർച്ചയും കോൺഫറൻസിൽ നടക്കും.

​ഗതാ​ഗത രം​ഗത്ത് ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ നിന്നും ​ഗതാ​ഗത രം​ഗത്തെ പ്രമുഖർ ഇത്തരം കോൺഫറൻസുകളിൽ പങ്കെടുക്കുന്നത്. ന​ഗരകാര്യ സെക്രട്ടറി എന്ന നിലയിൽ അവിടത്തെ ന​ഗരകാര്യങ്ങളെക്കുറിച്ചും ഈ രം​ഗത്തുള്ളവരുമായി ആശയവിനിമയത്തിന് വേണ്ടിയുള്ള സാധ്യതയും ആരായും. ഇതിന് 100 ഡോളർ ( 7500 രൂപ )ഒരു ​ദിവസം നൽകുന്നത് 2017 ലെ ഉത്തരവ് അനുസരിച്ചാണ്. ജിഎഡിയിൽ നിന്നുള്ള തുക ഉപയോ​ഗിച്ചാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ഇതേക്കുറിച്ച് വരുന്നുണ്ട്. നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിയുടെ പണം എടുത്താണ് സിഎംഡി വിദേശത്ത് പോകുന്നതെന്ന പ്രചാരണം ഉണ്ട്. ഈ സാഹചര്യത്തിലാണ് വസ്തുതകൾ വിശദീകരിച്ച് പ്രസ്താവന പുറത്തിറക്കുന്നതെന്നും ഗതാ​ഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button