ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

പറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു. ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് നല്‍കി നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎല്‍എമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്.

ബിഹാറില്‍ ബിജെപിയുമായുള്ള ദീര്‍ഘകാലബന്ധമാണ് നിതീഷ് കുമാര്‍ അവസാനിപ്പിച്ചത്. നാല് മണിക്ക് ഗവര്‍ണറെ കണ്ടാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. 79 എം എല്‍ എമാര്‍ ഉള്ള ആര്‍ജെഡിയും 19 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നല്‍കി. ബിജെപിയെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷിന് നിഷ്പ്രയാസം കഴിയും.

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഴുവന്‍ പേരോടും പാറ്റ്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപിമാരും മറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ആര്‌ജെഡി യോഗവും ഇന്ന് നടന്നു.

ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങള്‍ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാര്‍ വൈകാതെ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകള്‍ നേടിയെങ്കിലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു, മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിക്ക് 80 ഉം കോണ്‍ഗ്രസിന് 19ഉം എംഎല്‍എമാരാണുള്ളത്.

ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാര്‍ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകള്‍ ശക്തമാക്കിയിരുന്നു. മുതിര്‍ന്ന ജെഡിയു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആര്‍സിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചു. സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും, രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്റെ ആവശ്യം ബിജെപി നേരത്തെ തള്ളിയിരുന്നു.

ബിഹാര്‍ നിയമസഭയില്‍ ആകെ 243 എംഎല്‍എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണ വേണം.

നിലവിലെ കക്ഷിനില

എന്‍ഡിഎ
ബിജെപി 77
ജെഡിയു 45
എച്എഎം 4
സ്വതന്ത്രര്‍ 1
……………………………….
മഹാഗഡ്ബന്ധന്‍
ആര്‍ജെഡി 79
സിപിഐ എം എല്‍ 12
സിപിഐ 2
സിപിഎം 2
……………………………….
യുപിഎ
കോണ്‍ഗ്രസ് 19
……………………………….
എഐഎംഐഎം 1
ഒഴിവുള്ളത് 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News