ബൈച്ചുങ് ബൂട്ടിയക്ക് വന്‍ തോല്‍വി; കല്യാണ്‍ ചൗബെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്

ന്യൂഡല്‍ഹി:അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലേക്കുള്ള(എഐഎഫ്എഫ്) തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് ജയം. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്‍റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷന്‍ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്‌എഫിന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ ഫുട്ബോള്‍ താരമാണ് കല്യാണ്‍ ചൗബെ.

കര്‍ണാടകയിലെ മലയാളി എംഎല്‍എ എന്‍എ ഹാരിസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മാന്‍വേന്ദ്ര സിംഗിനെയാണ് ഹാരിസ് തോല്‍പിച്ചത്. അരുണാചല്‍പ്രദേശില്‍ നിന്നുള്ള കിപ അജയ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഗോപാലകൃഷ്ണ കൊസരാജുവിനെയാണ് അജയ് തോല്‍പ്പിച്ചത്.

വോട്ടെടുപ്പ് ഫലം ഔദ്യോഗികമായി ഉടന്‍ പുറത്തുവിടും. 14 അംഗ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും ഉടന്‍ പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News