കൊച്ചി:ആദിവാസി ദലിത് വിദ്യാർത്ഥികൾക്കെതിരെയുള്ള വംശീയവിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ആദി ശക്തി സമ്മർ സ്കൂളിന്റെയും ആദിവാസി ഗോത്ര മഹാസഭയുടെയും നേതൃത്വത്തിൽ 2020 സെപ്റ്റംബർ 28 മുതൽ വയനാട്ടിൽ നടന്ന് വരുന്ന ആദിവാസി ദളിത് വിദ്യാർത്ഥി സമരത്തിന് സംസ്ഥാന വ്യാപകമായി പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭീം ആർമി കേരള ഏഴ് ജില്ലകളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
എസ്.എസ്.എല്‍.സി. ജയിച്ച കുട്ടികള്‍ക്ക് പ്ലസ് 1 പഠനസൗകര്യം ഒരുക്കുക, ഡിഗ്രി – ഉന്നതപഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, ഡിഗ്രി – ഉന്നത പഠനത്തിന് ഈടാക്കുന്ന അപ്ലിക്കേഷൻ ഫീ ഒഴിവാക്കുക, ഡിഗ്രി – ഉന്നത പഠനത്തിന് എയ്ഡഡ് – സ്വയംഭരണ കോളേജുകള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്ന നടപടി അവസാനിപ്പിക്കുക, ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ നല്‍കുക, പ്ലസ് 1 സ്പോട്ട് അലോട്ട്മെന്‍റ് എന്ന തട്ടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നീതി നിഷേധത്തിനെതിരെ ഒരു മാസത്തോളമായി വിദ്യാർത്ഥികൾ സമരത്തിലാണ്.
എന്നാൽ ഇതുവരെ യാതൊരു തീരുമാനവും പ്രസ്തുത വിഷയത്തിന്മേൽ ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന നിൽപ്പു സമരത്തിൽ ആലപ്പുഴ ജില്ല കളക്‌ട്രേറ്റിന് മുന്നിൽ നിന്നും ഭീം ആർമി കേരള സംസ്ഥാന ചീഫ് നിൽപ്പ് സമരം ഉൽഘാടനം ചെയ്തു. തുടർന്ന് കണ്ണൂർ, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഭീം ആർമി കേരള നിൽപ്പ് സമരത്തിൽ അണിചേർന്നു.