കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്ന സംഭവം വലിയ വാർത്തയായിരുന്നു. താൻ അച്ഛനെ പോലെ കാണുന്ന വ്യക്തിയായതിനാൽ ബഹുമാനം കൊണ്ട് എഴുന്നേറ്റ് നിന്നതാണെന്നായിരുന്നു അന്ന് രഘു ഇതിന് നൽകിയ വിശദീകരണം. ഇപ്പോഴിതാ ഈ സംഭവത്തിൽ ഭീമൻ രഘുവിനെ രൂക്ഷമായി പരിഹസിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.
‘ഭീമൻ രഘുവിന് മസിലുണ്ടെന്നേയുള്ളൂ, ഒരു കോമാളിയാണ്.ഞങ്ങളൊക്കെ എത്ര കളിയാക്കുന്നതാണ്. വെറും മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് മുൻപ് രഘുവിനോട് പറഞ്ഞു, രഘു നിങ്ങളെ ശക്തികൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്പ്പെടുത്താനാകില്ലയെന്ന്. അപ്പോൾ രഘു പറഞ്ഞു, ശക്തികൊണ്ട് എനിക്ക് മനസിലായി, പക്ഷേ ബുദ്ധികൊണ്ട് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ തമാശ പറഞ്ഞാൽ പോലും മനസിലാകേണ്ടേയെന്ന്.
ഭീമൻ രഘു ചടങ്ങിൽ എഴുന്നേറ്റ് നിന്നപ്പോൾ അയാളെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ലെന്നതാണ് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം.’രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളാകും. അങ്ങനെ പുള്ളി ആരേയും ആളാക്കില്ല.നിരവധി കാര്യങ്ങളിൽ ഏറെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. മറ്റുള്ളവർ എന്തു പറയുന്നു എന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ല’, രഞ്ജിത്ത് പറഞ്ഞു.
മീശ പിരിക്കുന്നതുൾപ്പെടെയുള്ള നിരവധി താൻപോരിമയുള്ള കഥാപാത്രങ്ങൾ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആൽഫാ മെയിൽ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-തൻപോരിമ കാണിക്കുന്ന പുരുഷൻമാരേയും വീട്ടിൽ ഒതുങ്ങിയിരിക്കുന്ന സ്ത്രീകളേയും കണ്ടിട്ടാണ് ഞാൻ വളർന്നത്. അത് എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. ഞാൻ തൻപോരിമയുള്ള ആളാണോയെന്ന് എന്റെ കൂടെ ജീവിച്ചവർക്ക് മാത്രമേ അറിയൂ. ഒരു പെണ്ണിന്റെ കഥ എന്ന സിനിമ ഉണ്ടായിരുന്നു അതിൽ സത്യൻ കഥാപാത്രം പീഡിപ്പിക്കുന്ന ഷീലയുടെ കഥാപാത്രം പിന്നീട് വന്ന് പ്രതികാരം ചെയ്യുന്നുണ്ട്. വലിയ വിപ്ലവ സ്വഭാവമുള്ള ആശയങ്ങൾ അന്നത്തെ കാലത്തും സിനിമ ആയിട്ടുണ്ട്.
മോഹൻലാലിനെ ഞാനാണ് മീശപിരിപ്പിച്ചെന്ന് പറയുന്നതൊക്കെ വിവരമില്ലാത്തവരാണ്. എന്നെ കയറി ചൊറിയണം എന്ന് ചിന്തിക്കുന്നവരാണ് പറഞ്ഞ് ഉണ്ടാക്കുന്നത്. ഓരോ കഥ വരുമ്പോൾ ഓരോരുത്തരുടെ മുഖം നമ്മുടെ മനസിൽ തെളിയും. അങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്. പാലേരി മാണിക്യത്തിൽ മമ്മൂട്ടി ഇങ്ങോട്ട് വിളിച്ചാണ് റോൾ ചോദിച്ചത്.താങ്കളെ അഭിനയിപ്പിക്കാൻ ബജറ്റ് ഇല്ലെന്ന് പറഞ്ഞെങ്കിലും എനിക്ക് അഭിനയിക്കണമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.