EntertainmentKeralaNews

കല്യാണത്തിന് കൂട്ടുകാരികളുടെ കൈ തട്ടിമാറ്റിയതെന്തിന്,തുറന്ന് പറഞ്ഞ് ഭാവന

കൊച്ചി:മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.

2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തിന് ശേഷം ഒരു മലയാള സിനിമയില്‍ താരം അഭിനയിച്ചു. ഷറഫുദ്ദീന്‍ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലാണ് ഭാവന നായികയാകുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ തന്റെ കല്യാണ ദിവസമുണ്ടായ ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഓണത്തിന് ഫഌവഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഭാവന. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് നടിമാരായ കൂട്ടുകാരികള്‍ കല്യാണദിവസം പറ്റിച്ച സംഭവത്തെ കുറിച്ച് പറഞ്ഞത്. അന്ന് ഭയങ്കര സങ്കടമായതിന്റെ പിണക്കം താനവിടെ കാണിച്ചെന്നും അതും വാര്‍ത്തയായെന്നും ഭാവന പറയുന്നു.

കല്യാണത്തിന് എന്‍ട്രി ഡാന്‍സ് നടത്താമെന്ന് പറഞ്ഞ് കൂട്ടുകാരികള്‍ പറ്റിച്ചതിനെ കുറിച്ചാണ് ഭാവന പറഞ്ഞത്. ‘നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് ഇവര്‍ ഭയങ്കര പ്ലാനിങ് ആയിരുന്നു. ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, സൈനോര, രമ്യ ഇവരൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞ് വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു.

എനിക്കും സന്തോഷമുള്ള കാര്യമായത് കൊണ്ട് ഓക്കെ പറഞ്ഞു. ഞാന്‍ കാണാതിരിക്കാന്‍ വേണ്ടി ഞാനുള്ളപ്പോള്‍ അവര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതൊക്കെ നിര്‍ത്തും. എന്നെ അറിയിക്കാതെ ഗ്രൂപ്പൊക്കെ ഉണ്ടാക്കി. എന്നിട്ട് കളര്‍ കോഡ് സാരിയൊക്കെ എല്ലാവര്‍ക്കും ഉണ്ട്. ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് എത്തുമ്പോഴെക്കും നിങ്ങള്‍ വരണട്ടോ എന്നൊക്കെ ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഓക്കെയാണെന്ന് അവരും പറഞ്ഞു. ശേഷം കല്യാണമൊക്കെ കഴിഞ്ഞ് ഞാന്‍ ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ എന്റെ സുഹൃത്തുക്കളായി അവിടെ ഒരാളുമില്ല.

ബാക്കി ക്ഷണിച്ചിട്ടുള്ള അതിഥികളൊക്കെ അവിടെയുണ്ട്. എന്നെ പറ്റിക്കാന്‍ വേണ്ടി എവിടെയോ ഒളിച്ചിരിക്കുന്നതാവുമെന്ന് ആദ്യം കരുതി. പക്ഷേ സ്‌റ്റേജില്‍ കയറി, കല്യാണത്തിന്റെ ചടങ്ങുകളൊക്കെ നടത്തി. ആളുകള്‍ വന്ന് ഫോട്ടോ എടുക്കാനൊക്കെ തുടങ്ങിയിട്ടും ഇവരെ മാത്രം കാണുന്നില്ല. കുറേ കഴിഞ്ഞപ്പോഴുണ്ട് എല്ലാവരും കൂടി വരുന്നു. എനിക്കാകെ സങ്കടവും ദേഷ്യവുമായി.

അവരെന്നോട് സോറി പറയന്‍ വരുവാണ്. ഞാന്‍ പോയിക്കോ മിണ്ടണ്ടെന്ന് പറഞ്ഞു. അത് വലിയ വാര്‍ത്തയായി. ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ പറഞ്ഞ് വാര്‍ത്ത വന്നു. അവരെല്ലാവരും സാരി ഉടുത്ത് മുല്ലപ്പൂവൊക്കെ വെച്ച് വരാന്‍ ലേറ്റ് ആയതാണ്. ഒരാള്‍ റെഡിയാവാന്‍ തന്നെ സമയം എടുക്കും. അപ്പോള്‍ അത്രയും പേര് റെഡിയാവണ്ടേ, അതാണ് ലേറ്റ് ആയത്. പക്ഷേ ഞങ്ങളെന്തോ വഴക്കിട്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നതെന്ന്’ എന്നും ഭാവന പറയുന്നു.

അതേസമയം, തന്റെ ഇഷ്ടങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ഭാവന പറയുന്നുണ്ട്. നവീന് മലയാളം കുറച്ചൊക്കെയെ അറിയൂ. തനിക്ക് കന്നഡ അത്ര ഈസിയല്ലെന്നും വീട്ടില്‍ കന്നഡ പറയേണ്ടി വരാറില്ലന്നും ഭാവന പറയുന്നു. നവീന്റെ വീട്ടുകാര്‍ കൂടുതലും തെലുങ്കാണ് പറയാറുള്ളത്. തെലുങ്കും തട്ടീം മുട്ടീം ഒക്കെയാണ് താന്‍ പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാല്‍ ഒരുവിധം അഞ്ച് ഭാഷകള്‍ തനിക്കറിയാം. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്. ഹിന്ദി കേട്ടാല്‍ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ലെന്നും ഭാവന പറയുന്നു.

തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്‌ലുവന്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നുണ്ട്. വഴക്കുകളുണ്ടാക്കുമ്പോള്‍ രണ്ട് പേരുടെയും ഭാഷ ഇപ്പോള്‍ അത്ര ബുദ്ധിമുട്ടാവുന്നില്ല. കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീന്‍ ഇപ്പോള്‍ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോള്‍ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനില്‍ കൂടെയുള്ളവര്‍ അത് കേട്ട് ചിരിക്കുമെന്നും ഭാവന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button