KeralaNews

ഭാരതീയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ് ഊരത്ത് എന്നിവരാണ് പുരസ്കാരജേതാക്കള്‍.
ഇബ്രാഹിം ചേര്‍ക്കളയുടെ വിഷചുഴിയിലെ സ്വര്‍ണമീനുകള്‍ (നോവല്‍), കഥാവിഭാഗത്തില്‍ മധു തൃപ്പെരുംന്തുറയുടെ മായമ്മ, ബീന ബിനിലിന്റെ യാത്ര, കവിതാ വിഭാഗത്തില്‍ മധു ആലപ്പടമ്പിന്റെ രാത്രി വണ്ടി എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകള്‍ പരിഗണിച്ചാണ് ശ്രീജേഷ് ഊരത്തിന് പ്രത്യേക പുരസ്കാരം നല്കുന്നത്.


പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ഇബ്രാഹിം നേരത്തെ ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. കാസര്‍ഗോഡ് ചെങ്കള സ്വദേശിയാണ്.
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ മധു തൃപ്പെരുന്തുറ വിദ്യാഭ്യാസ വകുപ്പിന്റെ മുണ്ടശ്ശേരി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആറോളം പുസ്തകങ്ങളുടെ രചയിതാവാണ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ്.


യുവ എഴുത്തുകാരികളില്‍ ശ്രദ്ധേയായ ബീന ബിനില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ്. അഞ്ചു പുസ്തകങ്ങളുടെ രചയിതാവായ ഇവര്‍ കേരള വര്‍മ്മ കോളേജില്‍ സംസ്കൃതവിഭാഗം അധ്യാപികയാണ്.
ഏഴോളം പുസ്തകങ്ങളുടെ രചയിതാവായ മധു ആലപ്പടമ്പിന് വൈലോപ്പള്ളി പുരസ്കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏറ്റ ുകുടുക്ക സ്വദേശിയാണ്.


പരിസ്ഥിതി മേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പ്രത്യേക പുരസ്കാരത്തിന് അര്‍ഹനായ ശ്രീജേഷ് ഊരത്ത് പരിസ്ഥിതി മേഖലയില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഗ്രീന്‍ ലീഫ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പൊതുരംഗത്ത് ശ്രദ്ധ നേടിയത്. ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയാണ്.
10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ച് അവസാനവാരം കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സെക്രട്ടറി എ.എസ്.അജീഷ് എന്നിവര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button