ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവേശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഫരീദാബാദ് അതിര്‍ത്തിയില്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയുടെ നേതൃത്വത്തില്‍ രാഹുലിനേയും യാത്രികരേയും സ്വീകരിച്ചു.
പ്രമുഖനടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍, രക്തസാക്ഷി ഭഗത് സിങ്ങിന്റെ മരുമകന്‍ മേജര്‍ ജനറല്‍ ഷിയോറ സിങ്, സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങള്‍, പ്രതിപക്ഷ എം.പി.മാര്‍ തുടങ്ങിയ അരലക്ഷത്തോളംപേര്‍ ഡല്‍ഹിയിലെ യാത്രയില്‍ രാഹുലിനൊപ്പം അണിനിരക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
കോവിഡ് വകഭേദം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പടുന്നതിനിടെയാണ് തലസ്ഥാനനഗരിയിലേക്കുള്ള പ്രവേശം. രാജ്യതാത്പര്യവും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് യാത്ര നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രിമാര്‍ വെള്ളിയാഴ്ചയും ആവശ്യപ്പെട്ടു.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചാല്‍ അതനുസരിച്ചേ യാത്രനടത്തുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖാവരണം ധരിക്കാനും സാമൂഹികാകലം പാലിക്കാനും തയ്യാറാണ്. കോവിഡിന്റെ പേരില്‍ യാത്രയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശനിയാഴ്ച നിസാമുദ്ദീന്‍ വഴി ഇന്ത്യാഗേറ്റ്-ഐ.ടി.ഒ.-ധരിയാ ഗഞ്ച് റൂട്ടിലൂടെ ചെങ്കോട്ടയിലേക്ക്. തുടര്‍ന്ന് രാഹുല്‍ മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ട്, നെഹ്രുവിന്റെ സ്മാരകമായ ശാന്തിവന്‍, ഇന്ദിരാഗാന്ധിയുടെ സ്മാരകമായ ശക്തിസ്ഥല്‍, രാജീവ് ഗാന്ധിയുടെ സ്മാരകമായ വീര്‍ഭൂമി തുടങ്ങിയ സ്ഥലങ്ങളിലെത്തി പുഷ്പാര്‍ച്ചനനടത്തും.
വെള്ളിയാഴ്ച ഹരിയാണയിലെ അവസാന ദിവസം ഡി.എം.കെ. എം.പി. കനിമൊഴി ജോഡോയാത്രയ്‌ക്കൊപ്പം ചേര്‍ന്നു. യാത്രയില്‍ പങ്കെടുക്കാനായതില്‍ ആഹ്ലാദമുണ്ടെന്ന് കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.