ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണപരമല്ലെന്ന് ഭാരത് ബയോടെക് കമ്പനി. വാക്സിന്‍ നിര്‍മാണചെലവിന്റെ ഒരു വിഹിതം നികത്താന്‍ സ്വകാര്യ വിപണികളില്‍ വില കൂട്ടേണ്ടിവരുമെന്നും ഭാരത് ബയോടെക് പറഞ്ഞു.
കൊവാക്സിന്‍ ഡോസ് ഒന്നിന് 150 രൂപ നിരക്കിലാണ് കമ്പനി കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്. എന്നാല്‍ മത്സരാടിസ്ഥാനത്തില്‍ ഈ നിരക്ക് പ്രായോഗികമല്ലെന്നാണ് നിര്‍മാതാക്കളുടെ വിശദീകരണം. രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാക്സിന്‍ നിര്‍മാണ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവാക്സിന് ഉയര്‍ന്ന വില ഈടാക്കുന്നത് ന്യായമാണ്.
സംഭരണ, വിതരണ ചെലവുകള്‍ അടക്കമുള്ള കാരണങ്ങളാണ് ഇതിന് കാരണമെന്ന് കമ്പനി വാദിക്കുന്നു. കൊവാക്സിന്റെ ഉയര്‍ന്ന ഉത്പാദനത്തിനും ക്ലിനിക്കല്‍ ട്രയല്‍ എന്നിവയ്ക്കായി കമ്പനിയുടെ സ്വന്തം വിഭവങ്ങളില്‍ നിന്ന് 500 കോടിയോളം നിക്ഷേപിക്കേണ്ടിവരുമെന്നും വാക്സിന്‍ നിര്‍മാതാക്കള്‍ പറയുന്നു.
വാക്സിന്‍ വില നിര്‍ണയിക്കേണ്ട ഘടകങ്ങളെ വിലയിരുത്തിയാണ് കമ്പനിയുടെ വിശദീകരണം. ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില, പാഴാകുന്ന ഉത്പന്നങ്ങള്‍, അമിത വില, ഉത്പാദന സൗകര്യങ്ങള്‍, വിതരണചെലവ്, സംഭരണ അളവ് തുടങ്ങിയവയാണ് വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.