ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലില്‍ തുടക്കം. യാത്ര മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ടുള്ള യാത്ര ഇന്ന് ഉച്ചയ്ക്ക് തൗബാലിലെ കോങ്‌ജോമില്‍ നിന്ന് ആരംഭിക്കും.
കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം ഇന്ന് യാത്രയില്‍ പങ്കെടുക്കും. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകും. ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളില്‍ യാത്ര എത്തും.
സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പെട്ട ആളുകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നേരത്തെ ഇംഫാലില്‍ നിന്നായിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതെ ഇരുന്നതോടെയാണ് തൗബാലിലേക്ക് മാറ്റിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാത്ത രീതിയിലാണ് യാത്രയുടെ ക്രമീകരണം. 15 സംസ്ഥാനങ്ങളില്‍ യാത്ര പര്യടനം നടത്തും. മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം.