ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത ബന്ദ് തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഡല്‍ഹിയില്‍ കര്‍ഷകര്‍ ദേശീയപാതകളും റെയില്‍ പാളങ്ങളും ഉപരോധിക്കുകയാണ്.
അതിര്‍ത്തികളില്‍ സമരം നടക്കുന്ന മൂന്നു സ്ഥലങ്ങളിലും വന്‍തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കര്‍ശന ജാഗ്രതയിലാണ്. പ്രതിഷേധക്കാരില്‍ ഒരാളേപ്പോലും ഡല്‍ഹി നഗരത്തിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ ആരും ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടില്ല. എന്നാലും തലസ്ഥാനത്ത് കൂടുതല്‍ സുരക്ഷ സജ്ജീകരണങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ദുമായി സഹകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നു. കര്‍ഷകര്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ശക്തമായ പിന്തുണയാണുള്ളത്.
കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.
ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. വൈകുന്നേരം ആറിന് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.
കേരളത്തില്‍ ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, ഓട്ടോടാക്സി എന്നിവ നിരത്തിലിറങ്ങില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ട്രേഡ് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ വ്യവസായ മേഖലയും പ്രവര്‍ത്തിക്കില്ല.
ഹര്‍ത്താലിന് പിന്തുണയുമായി നഗര ഗ്രാമ കേന്ദ്രങ്ങളില്‍ അഞ്ചുലക്ഷം പേരെ അണിനിരത്തി എല്‍ഡിഎഫ് കര്‍ഷക ഐക്യദാര്‍ഢ്യ കൂട്ടായ്മ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരുള്ള ഗ്രൂപ്പായി തിരിഞ്ഞായിരിക്കും പരിപാടി. സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ കര്‍ഷക ധര്‍ണയും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധം ശൃംഖലയും സംഘടിപ്പിക്കും.