പീഡകർക്ക് വേണ്ടി ജയ് വിളിക്കുന്നവരെ കാണുമ്പോൾ പുച്ഛം തോന്നുന്നുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പങ്കുവെച്ചത്.
പീഡകനെ താങ്ങുന്ന കൊലസ്ത്രീകളെ കാണുമ്പോൾ അറപ്പുമാത്രമേ ഉള്ളൂവെന്നും എന്നാലും അതിജീവിതക്കൊപ്പം എന്ന ഡയലോഗ് കോമഡിയാണെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.
പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറെ എണ്ണങ്ങളെ കാണുമ്പോ പുച്ഛവും. അതിനപ്പുറം പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പു മാത്രേ ഉള്ളൂ. കൂട്ടത്തിൽ ലാസ്റ്റ് കോമഡി.. എന്നാലും അതിജീവിതക്കൊപ്പം എന്ന ഡയലോഗ്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയുടെ വിധി പുറത്തുവന്നതിനു പിന്നാലെ ഭാഗ്യലക്ഷ്മി അതിജീവിതയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അവള്‍ക്കൊപ്പം എന്ന് പറഞ്ഞശേഷം അവനൊപ്പം സഞ്ചരിച്ച ഫെഫ്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചാണ് ഭാഗ്യലക്ഷ്മി രാജിവെച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വന്നത് അന്തിമവിധിയല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.
നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടു വര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപിനെതിരായുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്. 2018 മാര്‍ച്ച് എട്ടിന് വിചാരണ ആരംഭിച്ച കേസില്‍ അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ നിയമിച്ച് രഹസ്യവിചാരണയാണ് നടന്നത്.


