FeaturedKeralaNews

സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്നു തുറക്കും,മദ്യം ലഭിയ്ക്കണമെങ്കില്‍ വെര്‍ച്വല്‍ ടോക്കണുകള്‍ അനിവാര്യം

തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട രണ്ടു മാസത്തെ ഇടവേളയക്ക് ശേഷം സംസ്ഥാനത്തെ മദ്യ ശാലകള്‍ ഇന്ന് തുറക്കും.ബിവറേജസ്-കണ്‍സ്യൂമര്‍ ഫെഡ് ഔട്ടലെറ്റുകള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാറുകളിലുമാണ് മദ്യവില്‍പ്പനയുണ്ടാവുക.രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ മദ്യം ലഭിക്കും. ഇന്നലെ നാല് മണി മുതല്‍ മദ്യത്തിന് ബെവ് ക്യൂ ആപ്പില്‍ നിന്ന് ടോക്കണ്‍ ലഭിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞ ശേഷമാണ് മദ്യത്തിന് ടോക്കണ്‍ ലഭിച്ചത്. രാവിലെ ആറ് മണി വരെയാണ് ബുക്കിംഗ് നടത്താന്‍ സമയം അനുവദിച്ചത്.

പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പ് വഴി ടോക്കണ്‍ കിട്ടിയവര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നല്‍കുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. അഞ്ച് പേരില്‍ കൂടുതല്‍ കൗണ്ടറിന് മുന്നില്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ടോക്കണ്‍ ഇല്ലാത്തവര്‍ കൗണ്ടറിന് മുന്നിലെത്തിയാല്‍ കേസെടുക്കും എന്നും മുന്നറിയിപ്പുണ്ട്.

വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിന് കോര്‍പ്പറേഷന്റെ കീഴിലുളള 265 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുളള 36 ഉം ചില്ലറവില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല തിരിച്ചുളള കണക്ക് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ് (www.ksbc.kerala.gov.in)

• ബാര്‍ഹോട്ടലുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം പാഴ്‌സല്‍ (sealed bottle) ആയി മാത്രമാണ് ലഭ്യമാക്കുക. ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും ബിയറും വൈനും മാത്രമേ ലഭിക്കുകയുളളൂ.

• സര്‍ക്കാര്‍ ദിവസേന നിര്‍ദ്ദേശിക്കുന്ന ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറവില്‍പ്പനശാലകള്‍ /ബാര്‍ ഹോട്ടലുകള്‍/ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഏന്നിവ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

• വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തതിനു ശേഷം കിട്ടിയ outlet ഉള്‍പ്പെടുന്ന പ്രദേശം മദ്യം വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ containment/red zone ആയി പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ മദ്യം വാങ്ങാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവ് വീണ്ടും മദ്യം വാങ്ങുന്നതിന് പുതിയ ടോക്കണ്‍ എടുക്കേണ്ടതാണ്.

• വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനം മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ്.

• ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചയിച്ചിട്ടുളള വില്‍പ്പനശാലകളില്‍ കോവിഡ് 19 നിബന്ധനകള്‍ പാലിച്ചും (സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും എന്നിവ) തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്പര്‍ ഉളള മൊബൈലും സഹിതം ഹാജരായി വില്‍പ്പനകേന്ദ്രത്തില്‍ പണം ഒടുക്കി മദ്യം വാങ്ങേണ്ടതാണ്. ഓണ്‍ലൈനായി പണം ഒടുക്കുവാന്‍ വെര്‍ച്വല്‍ ക്യൂ മാനേജ്‌മെന്റ് സംവിധാനത്തില്‍ സാധ്യമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker