മദ്യ വില്‍പ്പന ഇനി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലും! ബെവ്കോയുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍. കെഎസ്ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കുമ്പോള്‍ വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്നതും കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്യും.

കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദേശവും കെഎസ്ആര്‍ടിസി മുന്‍പോട്ട് വെച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കും. ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങാനാവും.

മദ്യശാലകളിലെ തിരക്കിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഷോപ്പുകള്‍ എത്രയെണ്ണം പൂട്ടിയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ബെവ്കോ ഷോപ്പുകളിലെ തിരക്ക് ഇപ്പോഴുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരി​ഗണിച്ചത്. ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് സാധിച്ചില്ല. വിഷയത്തിൽ നടപടികൾ ആരംഭിച്ചുവെന്നും, ചില ഷോപ്പുകൾ പൂട്ടിയെന്നുമാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. സർക്കാർ വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. കേസ് സെപ്തംബര്‍ 16ലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News