ന്യൂഡൽഹി: ഡൽഹിയിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട 26 കാരനെ ഹണി ട്രാപ്പ് ചെയ്ത് അവിടെയെത്തിച്ച യുവതിക്കായി തിരച്ചിൽ. ലേഡി ഡോൺ എന്നറിയപ്പെടുന്ന അനുവെന്ന യുവതിയാണ് പ്രതിയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ജമ്മു കശ്മീരിലെ കത്ര റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. യുവതി കത്ര റെയിൽവേ സ്റ്റേഷനിൽ ലഗേജുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. യുവതി സ്കാർഫ് കൊണ്ട് മുഖം മറച്ചിരുന്നു.
യുവതിക്കായി തലസ്ഥാനത്താകെ തിരച്ചിൽ ഊർജിതമാക്കിയതോടെ ജമ്മുകശ്മീരിലെ കത്ര സ്റ്റേഷനിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ യുവതി മുംബൈയിലേക്കുള്ള ട്രെയിനിൽ കയറിയതായി വൃത്തങ്ങൾ പറയുന്നത്.
യുവതി അതിവേഗത്തിൽ ട്രെയിനിന് നേരെ നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. അധോലോക നായകൻ ഹിമാൻഷു ഭാവുവിന്റെ അടുത്ത അനുയായിയാണ് യുവതിയെന്നാണ് പൊലീസ് പറയുന്നത്.
ജൂൺ 20ന് അമൻ ജൂണിനെ കൊലപ്പെടുത്താനായി ഡല്‍ഹിയിലെ രജൗരി ഗാർഡനിലെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു അനുവെന്നാണ് പൊലീസിന്റെ അനുമാനം. കൊലപാതകം നടക്കുമ്പോൾ അമനോടൊപ്പം ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന യുവതി അനുവാണെന്ന് പൊലീസ് പറയുന്നു. യുവതിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് ഇവർ ഇറങ്ങി ഓടുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമനു നേരെ അജ്ഞാതന്‍ വെടിയുതിർക്കുകയായിരുന്നു. മുന്നു തോക്കുകളിൽനിന്നുള്ള 40 വെടിയുണ്ടകളാണ് അമന്റെ ദേഹത്തുനിന്നു ലഭിച്ചത്.
നിലവിൽ പോർച്ചുഗലിൽ ഉണ്ടെന്ന് സംശയിക്കുന്ന ഹിമാൻഷു ഭാവു, കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഇത് “പ്രതികാര കൊലപാതകം” എന്ന് വിശേഷിപ്പിച്ചു. ശക്തി ദാദ എന്നയാളുടെ കൊലപാതകത്തിനുള്ള പ്രതികാരമാണ് സംഭവമെന്നാണ് സൂചന. ശക്തി ദാദയെ കൊലപ്പെടുത്തിയവരെയെല്ലാം ഉടൻ തന്നെ ആക്രമിക്കുമെന്നാണ് ഹിമാൻഷു സമൂഹമാധ്യമങ്ങളിൽ പറഞ്ഞിരുന്നു.