ബെംഗളൂരുവിൽ മലയാളി പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം;വയനാട് സ്വദേശിക്കെതിരെ കേസ്, ഇരയെ അപമാനിച്ച് കർണാടക പോലീസ്

ബെംഗളൂരുവിൽ മലയാളിവിദ്യാർഥിനിയെ പീഡിപ്പിച്ചു, പ്രതി വയനാട് സ്വദേശി; 'വിർജിൻ' ആണോ എന്ന് പോലീസ്, ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്‌തെന്ന് പരാതി. ബെംഗളൂരുവിൽ വിദ്യാർഥിനിയായ 20-കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു.

മേയ് 12-നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെൺകുട്ടി പറഞ്ഞു.

സംഭവത്തിൽ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു.

പെൺകുട്ടിയുടെ സുഹൃത്തുക്കൾ മഡിവാളയിൽ കഫേ ആരംഭിച്ചപ്പോൾ ഇതിനുവേണ്ട സ്ഥലം കണ്ടെത്തി നൽകിയതും മറ്റുസഹായങ്ങൾ നൽകിയതും ഹൈനസ് ആയിരുന്നു. എന്നാൽ, കഫേ നഷ്ടത്തിലായതോടെ ഇത് വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ഹൈനസിന്റെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായാണ് മേയ് 12-ന് ഹൈനസ് താമസസ്ഥലത്ത് എത്തിയതെന്നാണ് പറയുന്നത്.

‘മഡിവാള പോലീസിൽ ആദ്യം പരാതി കൊടുക്കാൻ പോയിട്ടും പോലീസുകാരിൽനിന്ന് ഒരു പിന്തുണയും സഹായവും കിട്ടിയില്ല. മൊഴിയെടുക്കാൻ വനിതാ പോലീസിനെ പോലും നൽകിയില്ല. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും തയ്യാറായില്ല. ‘വിർജിൻ’ ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന വിധത്തിലാണ് പോലീസ് സംസാരിച്ചത്. അരുൺ എന്ന പോലീസ് ഓഫീസറാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. വൈദ്യപരിശോധന നടത്താൻ കഴിയില്ലെന്നും പറഞ്ഞു’, പെൺകുട്ടി പ്രതികരിച്ചു.

പോലീസ് സ്‌റ്റേഷനിൽവെച്ചും പിന്നീട് താമസസ്ഥലത്ത് എത്തിയും ഹൈനസും ഗുണ്ടകളും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടികളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. മേയ് 13-ന് രാവിലെ പരാതി നൽകാനായി മഡിവാള സ്റ്റേഷനിലെത്തിയിട്ട് രാത്രി 12 മണിവരെ അവിടെ നിർത്തി. ഇതിനിടെ ഹൈനസ് ഒരു ഗുണ്ടാനേതാവിനൊപ്പം സ്റ്റേഷനിലെത്തി. പരാതിയുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പോലീസും പരാതി നൽകേണ്ടെന്നാണ് പറഞ്ഞത്. കേസുമായി മുന്നോട്ടുപോയാൽ അവർ കൊല്ലുമെന്നും പറഞ്ഞു. തുടർന്ന് പരാതി ഇല്ലെന്ന് നിർബന്ധിച്ച് എഴുതിവാങ്ങിച്ചെന്നും പെൺകുട്ടികളും സുഹൃത്തുക്കളും പറഞ്ഞു.

ഇതിനുശേഷം ഹൈനസ് താമസസ്ഥലത്ത് എത്തി വീണ്ടും ഭീഷണിപ്പെടുത്തി. ഗുണ്ടകളുമായെത്തിയ ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇയാളെ ഭയന്ന് നിലവിൽ ഒളിച്ചുകഴിയേണ്ട സ്ഥിതിയാണെന്നും പരാതിക്കാരിയും സുഹൃത്തുക്കളും പറയുന്നു.

മഡിവാള പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ നിർദേശപ്രകാരമാണ് മേയ് 18-ന് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർചെയ്തത്. എന്നാൽ, ഹൈനസിനെ ഇതുവരെ പിടികൂടിയിട്ടില്ല.

English Summary:

A 20-year-old female college student from Kerala was allegedly raped at her friend’s residence in Bengaluru. The victim, who also worked part-time at a café run by her friends, was assaulted by Highness, a native of Sultan Bathery, Wayanad, when she was resting due to illness. The victim has raised serious allegations against the Madivala Police, stating that officers, including an officer named Arun, refused to register a case initially, denied a female officer for recording statements, and humiliated her character with inappropriate questions while refusing a medical examination. Following public outrage, a case has been registered against the accused.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News