ബെംഗളൂരു മലയാളി വിദ്യാർത്ഥിനി പീഡനക്കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മഡിവാള പോലീസിനെതിരെ കമ്മീഷണറുടെ കടുത്ത നടപടി

മലയാളി വിദ്യാർഥിനിക്ക് പീഡനം: പ്രതി ഹൈനസ് കുറ്റം സമ്മതിച്ച് പെൺകുട്ടിയോട് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി കുറ്റം സമ്മതിക്കുന്ന നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതി ഹൈനസ്, പീഡനത്തിനിരയായ പെൺകുട്ടിയോടും അവളുടെ സുഹൃത്തുക്കളോടും കൈകൂപ്പി മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്‌. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വലിയ വിവാദമായതോടെ കർണാടക പോലീസ് തലപ്പത്ത് അടിയന്തിര ഇടപെടലുണ്ടായി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സൗത്ത്-ഈസ്റ്റ് ഡിസിപിയെ നേരിട്ട് വിളിപ്പിച്ചു. ഇരയായ പെൺകുട്ടി സ്റ്റേഷനിൽ എത്തിയിട്ടും കേസെടുക്കാൻ ദിവസങ്ങളോളം വൈകിയതിൽ കമ്മീഷണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദീകരണം തേടുകയും ചെയ്തു.

സംഭവത്തിൽ ശക്തമായ നടപടിയുടെ ഭാഗമായി കേസ് നിലവിലെ മഡിവാള പോലീസ് സ്റ്റേഷനിൽ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് ഉടനടി മാറ്റിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് ആടുഗോഡി പോലീസ് പുതിയ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. ആടുഗോഡി എസിപിക്കാണ് നിലവിൽ കേസ് അന്വേഷണത്തിന്റെ പൂർണ്ണ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. പരാതി നൽകാൻ സ്റ്റേഷനിലെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മഡിവാള സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെ (SI) വകുപ്പുതലത്തിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകും. കേസെടുക്കുന്നതിൽ പ്രതിയുടെ സ്വാധീനത്തിന് വഴങ്ങി വീഴ്ച വരുത്തിയ മറ്റ് മഡിവാള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രൂരമായ ഈ അതിക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഹൈനസ് നിലവിൽ കർണാടക അതിർത്തി കടന്ന് കേരളത്തിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസിന് ലഭിച്ച പുതിയ സൂചന. ഇയാളെ അടിയന്തിരമായി വലയിലാക്കാനായി കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി വയനാട് പോലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന മലയാളി വിദ്യാർത്ഥിനി താൻ നേരിട്ട ക്രൂരമായ പീഡനത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ പരാതിയുമായെത്തിയത്. പണവും രാഷ്ട്രീയ സ്വാധീനവുമുള്ള പ്രതിക്ക് അനുകൂലമായി നിലപാട സ്വീകരിച്ച പ്രാദേശിക പോലീസ്, കമ്മീഷണറുടെ നേരിട്ടുള്ള ഇടപെടലിന് ശേഷമാണ് കേസ് ഡയറി തുറക്കാൻ പോലും തയ്യാറായത്.

പരാതി പ്രകാരം ഈ മാസം 12-ന് താൻ ജോലി ചെയ്തിരുന്ന കഫേ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കൾ സംഘടിപ്പിച്ച ഒത്തുകൂടലിന് എത്തിയപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയാകുന്നത്. വിദ്യാർത്ഥിനി എത്തിയ സമയത്ത് കഫേ തുടങ്ങാൻ സാമ്പത്തിക ഒത്താശകൾ ചെയ്ത പ്രതി ഹൈനാസും സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. രാത്രി ഭക്ഷണം വാങ്ങാനായി മറ്റ് സുഹൃത്തുക്കൾ പുറത്തുപോയ സമയം നോക്കി പ്രതി പെൺകുട്ടിയെ മുറിക്കുള്ളിൽ വെച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോൾ തകർന്നുപോയ പെൺകുട്ടി വിവരം പറയുകയും ഇവർ പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ കുറ്റം സമ്മതിച്ച പ്രതി പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും കുപ്പി പൊട്ടിച്ച് കൊലപ്പെടുത്താൻ തുനിയുകയുമായിരുന്നു.

പ്രതിയുടെ ഭീഷണികൾക്ക് വഴങ്ങാൻ തയ്യാറാകാതിരുന്ന പെൺകുട്ടിയും കഫേ ഉടമകളായ സുഹൃത്തുക്കളും അടുത്ത ദിവസം രാവിലെ തന്നെ മഡിവാള പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും നീതിക്ക് പകരം ക്രൂരമായ അവഗണനയാണ് നേരിട്ടത്. രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ പെൺകുട്ടിയെ സ്റ്റേഷനിൽ പിടിച്ചിരുത്തിയ പോലീസ് പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ല. മാനഭംഗത്തിനിരയായ പെൺകുട്ടിയെ അടിയന്തിരമായി വൈദ്യപരിശോധനയ്ക്ക് (Medical Examination) വിധേയയാക്കണമെന്ന നിയമപരമായ ആവശ്യവും എസ്ഐ നിരസിച്ചു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനായിരുന്നു പോലീസിന്റെ കടുത്ത സമ്മർദ്ദം.

ഇതിനിടെ പോലീസ് സ്റ്റേഷനകത്ത് വെച്ചുതന്നെ പ്രതി ഹൈനാസും ഇയാളുടെ കൂട്ടാളിയായ ബാംഗ്ലൂരിലെ ഗുണ്ടാ നേതാവ് സുരേഷും ചേർന്ന് പരാതിക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തി. പോലീസിന്റെ കനത്ത നിർബന്ധത്തിന് വഴങ്ങി പരാതിയില്ലെന്ന് ഭയത്താൽ എഴുതി നൽകിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ പെൺകുട്ടിയെയും സുഹൃത്തുക്കളെയും പ്രതിയും ഗുണ്ടകളും ചേർന്ന് വഴിയിൽ വെച്ച് മാരകമായി ആക്രമിക്കുകയും ചെയ്തു.

ഇതോടെ ജീവൻ അപകടത്തിലായ വിദ്യാർത്ഥിനി ബെംഗളൂരു സൗത്ത്-ഈസ്റ്റ് ഡിസിപിയെ നേരിട്ട് സമീപിച്ച് സ്റ്റേഷനിലെ ഗുണ്ടാ-പോലീസ് ഒത്തുകളി തുറന്നുപറയുകയായിരുന്നു. ഡിസിപിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ഉടൻ പിടികൂടുമെന്നും പരാതിക്കാരിയായ മലയാളി പെൺകുട്ടിക്ക് പൂർണ്ണമായ സുരക്ഷ ഉറപ്പാക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെട്രോ നഗരങ്ങളിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ തടയാൻ കർശന നടപടി വേണമെന്ന് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മകളും ആവശ്യപ്പെട്ടിട്ടുണ്ട്.

A major breakthrough has been achieved in the Bengaluru Madiwala gang-rape case of a 20-year-old Malayali student, as video evidence of the accused, Hinas from Sultan Bathery, confessing and apologizing to the victim was aired by Asianet News. Following the massive uproar, the Bengaluru Police Commissioner summoned the South-East DCP and transferred the case to the Audugodi police station due to grave lapses and delay by Madiwala police in registering the FIR. Strict action has been ordered against the Madiwala SI who harassed the victim, while a special Karnataka police team has arrived in Kerala to track down the fleeing suspect.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News