ബെംഗളൂരു: കർണാടകയിലെ ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ വ്യാപാരിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നിക്ഷിത (13), രക്ഷ (6) എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ഭാര്യയെയും മക്കളെയും കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന വേളയിൽ പായ്ക്കിങ്ങിനായി ഉപയോഗിക്കുന്ന കട്ടിയുള്ള സെല്ലോടേപ്പുകൾ മുഖത്ത് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയത്. മൂവരുടെയും മരണം ഉറപ്പാക്കിയ ശേഷമാണ് ഹരീഷ് മുകളിലത്തെ മുറിയിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയായിട്ടും കുടുംബാംഗങ്ങളെ ആരെയും പുറത്തുകാണാതിരിക്കുകയും ഹരീഷിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് അടുത്ത സുഹൃത്ത് വീട്ടിലെത്തി അന്വേഷിക്കുന്നത്. ജനലിലൂടെ സംശയാസ്പദമായ സാഹചര്യം കണ്ട സുഹൃത്ത് ഉടൻ തന്നെ ഹുൻസൂർ ടൗൺ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ വായയിലും മൂക്കിലും കട്ടിയുള്ള ടേപ്പുകൾ ഒട്ടിച്ച നിലയിൽ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കിടന്ന മുറിയിൽ നിന്നും ഹരീഷ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. “ഞാൻ മുകളിലത്തെ മുറിയിൽ തൂങ്ങിമരിക്കുന്നു” എന്ന തലക്കെട്ടോടെയായിരുന്നു കത്ത്. ഇതിന് താഴെ “എന്റെ അവസാന ആഗ്രഹങ്ങൾ” എന്നെഴുതി തന്റെ സ്വത്തുക്കളുടെ വിവരങ്ങളും കടബാധ്യതകളും ആർക്കൊക്കെയാണ് സ്വത്ത് വീതിച്ചു നൽകേണ്ടത് എന്നതുൾപ്പെടെയുള്ള വിൽപത്ര മാതൃകയിലുള്ള കാര്യങ്ങളും ഹരീഷ് കുറിച്ചുവെച്ചിരുന്നു. മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ഡി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനയും റിയൽ എസ്റ്റേറ്റ് ബിസിനസ്സും നടത്തിവന്നിരുന്ന ഹരീഷ് നാട്ടിൽ സാമ്പത്തികമായി വലിയ പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആളായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു അതിക്രമം വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ആഡംബര ജീവിതത്തിനപ്പുറം ഹരീഷ് കടുത്ത കടക്കെണിയിലായിരുന്നുവെന്നും അടുത്തിടെ ഇയാളുടെ രണ്ട് വലിയ സ്വത്തുക്കൾ ബാങ്കുകൾ ജപ്തി ചെയ്തിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കടബാധ്യതകളും പെട്ടെന്നുണ്ടായ ജപ്തി മൂലമുള്ള മാനക്കേടുമാണോ ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് സംഘം ആഴത്തിൽ പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഹുൻസൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
English Summary
Shocking details have emerged in the suspected murder-suicide of a family of four in Hunsur near Bengaluru. Harish (49), a real estate and second-hand vehicle dealer, allegedly suffocated his wife Nischitha (36) and daughters Nikshitha (13) and Raksha (6) to death by wrapping thick packing cello-tape over their mouths and noses while they were asleep, before hanging himself. Police discovered a suicide note titled “I am hanging in the upstairs room,” detailing his assets, liabilities, and property distribution wishes. While friends believed the family was financially stable, a probe by Mysore District SP Mallikarjuna Baladandi revealed that banks had recently attached two of Harish’s properties, suggesting severe financial distress drove him to commit the crime.


