KeralaNews

കേരളത്തില്‍ നിന്ന് നിപ വൈറസ് രോഗലക്ഷണങ്ങളുമായി പശ്ചിമ ബംഗാളില്‍ എത്തിയ അതിഥി തൊഴിലാളിയുടെ പരിശോധനാ ഫലം പുറത്ത്, ബംഗാളിൽ ആറ് ഡെങ്കിപ്പനി മരണം

കൊല്‍ക്കത്ത: കേരളത്തില്‍ നിന്ന് നിപ വൈറസ് രോഗലക്ഷണങ്ങളുമായി പശ്ചിമ ബംഗാളില്‍ എത്തിയ അതിഥി തൊഴിലാളിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ബംഗാള്‍ ആരോഗ്യവകുപ്പ് അറിയിച്ചു. കടുത്ത പനി, തൊണ്ടയില്‍ അണുബാധ എന്നിവ ബാധിച്ച യുവാവ് നിലവില്‍ ബെലിയാഘട്ട ഐഡി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ബംഗാളില്‍ വെള്ളിയാഴ്ച ഡെങ്കിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

സംസ്ഥാനത്തെ നിപ നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രോഗം പകരുന്നത് നിയന്ത്രിക്കാന്‍ സാധിച്ചു. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ആശങ്കയുടെ നാളുകള്‍ കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് ഇന്നലെ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. 

പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി.

എസ്.ഒ.പി. ലഭിക്കുന്ന മുറക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button