KeralaNews

ചെങ്ങന്നൂര്‍-പമ്പ ശബരിറെയില്‍ പാത,ഏരിയല്‍ സര്‍വ്വേ നടന്നു,2030 ല്‍ ട്രെയിന്‍ ഓടിയ്ക്കാന്‍ പദ്ധതി

പത്തനംതിട്ട: ശബരി റെയിൽപാതയുടെ സർവേയുടെ ഭാഗമായി ചെങ്ങന്നൂർ മുതൽ ആറന്മുള, കോഴഞ്ചേരി, റാന്നി വരെ വെള്ളിയാഴ്ച രാവിലെ ഏരിയൽ സർവേ നടന്നു. ചെങ്ങന്നൂർ – പമ്പ ആകാശപാത ലൊക്കേഷൻ സർവേയുടെ ഭാഗമായി ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേയാണ് നടന്നതെന്ന് അധികൃതർ അറിയിച്ചു. ഹൈദ്രബാദ് ആസ്ഥാനമായ ഏജൻസി നടത്തിയ ആദ്യ സർവേയിൽ മേഘം മൂലം കൃത്യമായ രേഖാചിത്രം ലഭിക്കാതിരുന്നതുമൂലമാണ് വീണ്ടും ഹെലികോപ്റ്റർ പറത്തിയത്. സർവേയിലൂടെ ചെങ്ങന്നൂർ – പമ്പ ദൂരം കുറയ്ക്കാനും ശ്രമിക്കുകയാണെന്നും അധികൃതർ പറയുന്നു.

പ്രദേശങ്ങളിലൂടെ ഏറെ നേരം ഹെലികോപ്റ്റർ വട്ടമിട്ടതോടെ ജനങ്ങൾ ആശങ്കയിലായി. പമ്പാ നദീ തീരത്തു കൂടി ആകാശപാതയായി പ്രഖ്യാപിച്ച പദ്ധതി, രൂപരേഖ മാറ്റി ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നു എന്ന വാർത്ത പരന്നതോടെ ആശങ്കയിലായ നാട്ടുകാർ വിമാനം പറത്തലോടെ കൂടുതൽ പ്രതിരോധത്തിലായി.

ചെങ്ങന്നൂരിൽ ആരംഭിച്ച സർവേയും മണ്ണ് പരിശോധനയും ആറന്മുള വഴി കഴിഞ്ഞദിവസം കോഴഞ്ചേരി കടന്നിരുന്നു. ഇത് പലയിടത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയതിനിടയിലാണ് ഏരിയൽ സർവേ നടന്നത്.

കെ റെയിൽ സിൽവർ ലൈൻ പദ്ധതി പ്രതിഷേധത്തിന് പിന്നാലെ ചെങ്ങന്നൂർ – പമ്പ റെയിൽവേക്ക് എതിരെയും ജനങ്ങൾ ഇതോടെ എതിർപ്പ് അറിയിക്കുമെന്ന് വ്യക്തമായി. ചെങ്ങന്നൂരിൽനിന്ന് ആറന്മുള – കോഴഞ്ചേരി – അയിരൂർ – വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായാണ് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്.

‘വേഴാമ്പല്‍ പദ്ധതി’ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാൻ ഇ ശ്രീധരൻ പരിശോധിച്ചതും ഇതായിരുന്നു. എന്നാൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സർവേ പ്രകാരം പമ്പാതീരത്തുനിന്നു മൂന്ന് കിലോമീറ്റർ അകലത്തിലാണ് ലൈൻ കടന്നുപോകുന്നത്.

ആറന്മുളയിൽ പലയിടത്തും വീടിന്റെ ചുവരിൽ വരെ നമ്പറിട്ട് അടയാളപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ മണ്ണ് പരിശോധന കോഴഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിലുമെത്തി. ആദ്യം നടത്തിയ ഹെലികോപ്റ്റർ സർവേയെ തുടർന്നായിരുന്നു പദ്ധതി കടന്നുപോകുന്ന റോഡിൽവരെ അടയാളങ്ങൾ രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ നഗരസഭയിൽ ആരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 65 കിലോമീറ്ററിലധികം ദൈർഘ്യമാണുള്ളത്. ചെങ്ങന്നൂർനിന്ന് 53 മിനിറ്റാണ് പമ്പാ യാത്രക്ക് വേണ്ടിവരുന്നത്. എന്നാൽ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെയാണ് സർവേ നടപടികളെന്നും ആരോപണമുണ്ട്.

ആറന്മുളയിൽനിന്നു വയലത്തല വഴി വടശ്ശേരിക്കര എത്തിയശേഷം റെയിൽപാത പമ്പാ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുകൂടി പാതയ്ക്കായി പരിശോധന നടത്തുന്നത് പ്രതിഷേധാർഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലാ കളക്ടറുടെ അനുമതിയോടുകൂടിയാണ് സർവേ നടത്തുന്നതെന്നും തുടർന്നാണ് സോയിൽ ടെസ്റ്റ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള ഏജൻസിയാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. പൊതുവെ ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകൾ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നുപോകുന്നതിനാൽ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിർമിക്കുന്നതെന്നും പറയുന്നുണ്ട്. നിലവിലെ രൂപകൽപന പ്രകാരം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തുകൂടി കടന്നാണ് കടവന്ത്ര വഴി കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം ഭാഗത്തേക്ക് പാത എത്തുന്നത്. ഇവിടെനിന്നു കോഴഞ്ചേരി ഈസ്റ്റ്, പനച്ചക്കുഴി കോളനി വഴി പോകുന്ന തരത്തിലാണ് മണ്ണ് പരിശോധന കാണിക്കുന്നത്. മണ്ണ് പരിശോധനയ്ക്കായി സംഘം എത്തിയതോടെ നാട്ടുകാർ യോഗം ചേരുകയും അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയുമാണ്.



ജനവാസമേഖലയിലൂടെ ചെങ്ങന്നൂർ – പമ്പ റെയിൽവേയ്ക്കായി മണ്ണ് പരിശോധന നടക്കുന്നത് നാട്ടുകാരെ ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി. സർക്കാരിന്റെ ഭാഗത്തുനിന്നോ പ്രാദേശിക ഭരണകൂടം എന്ന നിലയിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ അറിയിപ്പ് ലഭിക്കാതെ കോഴഞ്ചേരി പഞ്ചായത്തിലെ 5, 7, 10, 12, 13 വാർഡുകളിൽ അന്യസംസ്ഥാന തൊഴിലാളികളെ നിർത്തിയാണ് മണ്ണ് പരിശോധന നടത്തുന്നത്. പമ്പാ നദീതീരത്തുകൂടിയാണ് റെയിൽവേ പോകുന്നത് എന്നാണ് നേരത്തെ അറിഞ്ഞിരുന്നത്. എന്നാൽ ജനം തിങ്ങിപ്പാർക്കുന്ന സ്ഥലത്തുകൂടെ മണ്ണ് പരിശോധന നടത്തിയത് എന്തിനെന്നു ബന്ധപ്പെട്ടവർ വിശദീകരിക്കണം.
ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി റെയിൽവേ പോകുന്നതാണ് നല്ലതെന്നും ഇതിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കുവാൻ പ്രാദേശിക ഭരണകൂടം എന്ന നിലയിൽ പഞ്ചായത്ത് തയ്യാറാകണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം യോഗം ഉദ്ഘാടനം ചെയ്തു.


കോഴഞ്ചേരി ഈസ്റ്റിലെ ജനവാസമേഖലയിലൂടെ പാത നിർമിച്ചാൽ ഗുരുതരമായ പാരിസ്ഥിതിക – സാമൂഹികാഘാതം ഉണ്ടാകുകയും നൂറുകണക്കിന് ഭവനങ്ങളെ ഇത് ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ ഈ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. ആയതിനാൽ പദ്ധതി പുനഃപരിശോധിച്ച് നടപ്പാക്കണമെന്ന് കോഴഞ്ചേരി ഈസ്റ്റ് റസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ബാബു വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, ഷാജി പുളിമൂട്ടിൽ, സെക്രട്ടറി സിറിൾ സി മാത്യു, സോമരാജൻ നായർ, കുര്യൻ മടയ്ക്കൽ, തോമസ് വറുഗീസ്, സുമൻ കെകെ, അനിൽ കുമാർ ജി, മാത്യൂസ് കെഎം എന്നിവർ പ്രസംഗിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, സഹമന്ത്രി, ചീഫ് എഞ്ചിനീയർ, മുഖ്യമന്ത്രി, എംപി, സ്ഥലം എംഎൽഎ, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി.

ചെങ്ങന്നൂർ – പമ്പ ആകാശപാത ലൊക്കേഷൻ സർവേയുടെ ഭാഗമായി ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേ ആണ് നടന്നതെന്ന് അധികൃതർ അറിയിച്ചു. ഹൈദ്രബാദ് ആസ്ഥാനമായ ഏജൻസി നടത്തിയ ആദ്യ സർവേയിൽ മേഘം മൂലം കൃത്യമായ രേഖാ ചിത്രം ലഭിക്കാതിരുന്നത് മൂലമാണ് വീണ്ടും ഹെലികോപ്റ്റർ പറത്തിയത്. സർവേയിലൂടെ ചെങ്ങന്നൂർ – പമ്പ ദൂരം കുറക്കാനും ശ്രമിക്കുകയാണെന്നും അധികൃതർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker