മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മാഖ്‌ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
നാഗർഹോളെ ടൈഗർ റിസർവിലേക്ക് ആന സ്വമേധയാ എത്തുമെങ്കിൽ അത് നല്ല കാര്യമാണെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറഞ്ഞു. കർണാടക വനംവകുപ്പിന്‍റെ ഫീൽഡ് ഓഫീസർമാർ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗർഹോളെയിൽ എത്തിയാൽ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികൾ തുടരുമെന്നും കർണാടക പിസിസിഎഫ് വ്യക്തമാക്കി.
ആന സ്വയം കാടുകയറി പോകാനുള്ള സാധ്യതയാണ് നിലവിൽ വനംവകുപ്പ് പരിശോധിക്കുന്നത്. കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ ആന കർണാടക ഉൾവനത്തിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആനയുടെ ശബ്ദം ഞായറാഴ്ച രാത്രി കേട്ടിരുന്നതായും പരിസരവാസികൾ പറയുന്നുണ്ട്. എന്നാൽ, ഇത് അജീഷിനെ ആക്രമിച്ച മോഴയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇതോടെ, ചേലൂർ ഭാഗത്ത് നാല് കുങ്കിയാനകളുമുണ്ടാകും. ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട് നീങ്ങുന്നുവെന്ന സൂചനയാണിത്. നിലവിൽ, ആന നിലയുറപ്പിച്ചുട്ടുള്ള കോളനി പ്രദേശത്തേക്ക് കൂടുതൽ വനവകുപ്പ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആന കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങക്യാമ്പിലേക്ക് മാറ്റും.
ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്. തൊഴിലാളികളെ കൂട്ടാനായി പാൽവെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്. ആനയെക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
കഴിഞ്ഞവർഷം നവംബറിൽ ഹാസനിലെ ബേലൂരിൽനിന്നും പിടികൂടിയ സ്ഥിരം കുഴപ്പക്കാരനായിരുന്നു അക്രമകാരിയായ മോഴയാന. നാട്ടുകാരാണ് മോഴ എന്നർഥംവരുന്ന മാഖ്‌ന എന്ന പേരുകൂടെ ചേർത്ത് ഈ ആനയെ ബേലൂർ മാഖ്‌ന എന്നുവിളിച്ചത്. 2020 മുതൽ ബേലൂരിലെ കാപ്പിത്തോട്ടങ്ങളിലായിരുന്നു ഇതിന്റെ സ്ഥിരംസാന്നിധ്യം. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെ പിടികൂടുകയായിരുന്നു. തുടർന്ന്, തണ്ണീർക്കൊമ്പനെപ്പോലെത്തന്നെ കേരള അതിർത്തിയായ മൂലഹള്ളയിൽ തുറന്നുവിടുകയായിരുന്നു.