KeralaNews

കേരളത്തിലേക്ക്‌ വീണ്ടും ബേലൂർ മഗ്ന, മണിക്കൂറുകള്‍ക്കുള്ളില്‍ മടക്കം

മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്ന കേരളത്തിലേക്ക് തിരിച്ചെത്താൻ ശ്രമം നടത്തി. പുഴ മുറിച്ചു കടന്ന ആന വൈകാതെ തിരിച്ചു പോവുകയായിരുന്നു. പെരിക്കല്ലൂരിലെത്തിയ ആന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയത്.

ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക വനത്തിലായിരുന്നു. നാഗർഹോള വനത്തിലാണ് ബേലൂർ മഗ്ന നിലയുറപ്പിച്ചത്.

അതേസമയം, വന്യമൃഗ ശല്യം രൂക്ഷമാകുകയും ജനങ്ങളുടെ കടുത്ത പ്രതിഷേധം ഉയരുകയും ചെയ്‌ത വയനാട്ടിൽ ഇന്ന് നാല് മന്ത്രിമാർ സന്ദർശനം നടത്തും. മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, കെ.രാധാകൃഷ്‌ണൻ, എം.ബി.രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുന്നത്. സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10ന് നടക്കുന്ന ജില്ലയിലെ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിലും തുടർന്ന് ചേരുന്ന ഉന്നതതല യോഗത്തിലും മന്ത്രിമാർ പങ്കെടുക്കും.

കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പിലെ താത്കാലിക വാച്ചർ വി.പി.പോൾ, മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലിയിലെ പ്രജീഷ് എന്നിവരുടെ വീടുകളും സന്ദർശിക്കും.

വയനാടിന്റെ ചുമതലയുള്ള വനംമന്ത്രി ശശീന്ദ്രൻ അവിടെ എത്താത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മന്ത്രി സംഘത്തിനെതിരെ പ്രതിഷേധം ഉണ്ടായേക്കാം എന്നത് കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

മന്ത്രി സംഘത്തെ തടയുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിനു മുന്നിൽ ഇന്ന് രാപകൽ സമരം നടത്തും. രാവിലെ പത്തിന് കെ.മുരളീധരൻ എം.പിയാണ് ഉദ്ഘാടനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button