തിരുവല്ല : ബിലീവേഴ്‌സ് ചർച്ചിലെ ആദായനികുതി വകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സഭാ വക്താവ് സിജോ പന്തപ്പള്ളി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയ ശേഷം ഇതാദ്യമായാണ് സഭ ഔദ്യോഗികമായി പ്രതികരിക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്ന സഭയുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഓഡിറ്റ് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്യുന്നുണ്ട്. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്, ആദായനികുതിവകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകള്‍ സഭാ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സഭാ വക്താവ് സിജോ പന്തപ്പള്ളി പ്രതികരിച്ചു.
അതേ സമയം അഞ്ച് ദിവസം നീണ്ടു നിന്ന ബിലീവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന ആദായ നികുതി വകുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. കോടികളുടെ തട്ടിപ്പ് കണ്ടെത്തിയതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ച് കണക്കില്‍പ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് കണ്ടെത്തല്‍. പരിശോധന വീണ്ടും തുടരാനാണ് ആദായനികുതിവെപ്പിന്റെ തീരുമാനം.