KeralaNews

‘ജവാന്‍’ ഉത്പാദനം കൂട്ടും,ബിയറും വൈനും മിനി പാക്കറ്റുകളായി വില്‍ക്കേണ്ട; ബെവ്‌കോ തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വില്‍ക്കേണ്ടന്ന് സര്‍ക്കാര്‍. ഇതു സംബന്ധിച്ച ബെവ്‌കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

മിനി പാക്കറ്റുകളില്‍ ബിയറും വൈനും വില്‍ക്കാനുള്ള ശുപാര്‍ശക്ക് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. പുതിയ മദ്യ നയത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ മാറ്റം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. 180 മി.ലിറ്ററിന് താഴെ ബിയര്‍ വില്‍ക്കാന്‍ അബ്കാരി നയം അനുവദിക്കുന്നില്ലെന്നും നികുതി വകുപ്പ് പറയുന്നു.

ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. സ്പിരിറ്റ് വില കൂടിയത് ഉത്പാദനത്തെ ബാധിച്ചു. വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. മദ്യവില കൂട്ടേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. 72 രൂപയ്ക്കാണ് ജവാന്‍ റം നിര്‍മ്മാണത്തിനായി ബെവ്‌കോ സ്പരിറ്റ് വാങ്ങുന്നത്.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്കോ ഔട്ട്ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യവില്‍പനശാലകള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. ബെവ്‌കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവില്‍പ്പനയിലൂടെയാണ്.

ഇടത്തരം മദ്യ ബ്രാന്റുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്‌കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു.

കരാര്‍ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് ബെവ്‌കോ നോട്ടീസ് നല്‍കിയെങ്കിലും വിലകൂട്ടാതെ പൂര്‍ണതോതിലുള്ള മദ്യവിതരണം സാധിക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. മൂന്ന് മാസത്തിനുള്ളില്‍ 5 രൂപയാണ് സ്പരിരിറ്റിന് കൂടിയത്.

ജവാന്‍ റമ്മിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. 10 ശതമാനം വില കൂട്ടണമെന്നാണ് ബെവ്‌കോ എംഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ധന ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് ജവാന്റെ വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്‌സാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button