പാലക്കാട്:വീട്ടിലെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മുറി കത്തി; യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.
ഷാജു പനിയായി കിടപ്പിലായിരുന്നു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ വാതിലടച്ചു പുറത്തേക്കുപോയി. അൽപസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. തുടർന്നു മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു.
പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടിവി, പഴ്സിലുണ്ടായിരുന്ന പാൻ കാർഡ്, ലൈസൻസ്, 5500 രൂപ എന്നിവ കത്തിനശിച്ചതായി ഷാജു പറഞ്ഞു.
അപകടസമയത്തു ഭാര്യയും രണ്ടു മക്കളുമുൾപ്പെടെ പുറത്തായിരുന്നതിനാൽ ആർക്കും പരുക്കില്ല. തീയണയ്ക്കുന്നതിനിടെ ഷാജുവിന്റെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്.സംഭവത്തിൽ 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷാജു പറഞ്ഞു.