റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചെന്ന് ബി.ബി.സി അറിയിച്ചു. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാ ഫുകള്‍ക്കും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ബി.ബി.സി റഷ്യയുടെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു.
എന്നാല്‍ ബിബിസി ന്യൂസ് റഷ്യയ്ക്ക് പുറത്ത് നിന്ന് റഷ്യന്‍ ഭാഷയില്‍ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ‘ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാന്‍ ഞങ്ങള്‍ തയ്യാറല്ല.’ ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞു.
യുക്രൈന്‍ അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ട്. യുക്രൈന്റെ പ്രധാന നഗരങ്ങളിളെല്ലാം റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയതതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ നാറ്റോയ്‌ക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നോ ഫ്‌ളൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം. ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്നത് പോലെയാണ് നാറ്റോയുടെ നടപടിയെന്നാണ് സെലന്‍സ്‌കിയുടെ ആരോപണം. യുക്രൈന്‍ തകര്‍ന്നാല്‍ യൂറോപ്പ് മുഴുവന്‍ തകരുമെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് നിരുപാധികം പിന്‍വാങ്ങണമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗിന്റെ ആവശ്യം. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടുമെന്നും സ്ഥിതി കൂടുതല്‍ വഷളാകുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
നാറ്റോ യുക്രൈനിലേയ്ക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. നാറ്റോയോട് കൂടുതല്‍ സഹായങ്ങളെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യുക്രൈന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടുന്ന ജീവനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നാറ്റോയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കിയിട്ടുണ്ട്.