‘തലനാരിഴയ്ക്കാണ് രക്ഷപെട്ടത്’ രണ്ടുഭാര്യമാരുമായി പോകുമ്പോള്‍ മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് ബഷീര്‍ ബഷി

കൊച്ചി:തന്‍റെ വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സന്തോഷ നിമിഷങ്ങളാണ് ബഷീര്‍ ബഷി തന്‍റ യുട്യൂബ് ചാനലിലൂടെ സാധാരണ പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ കുടുംബത്തിന് സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് ബഷീർ ബഷിയും കുടുംബവും. മരണം മുന്നിൽ കണ്ട നിമിഷമായിരുന്നെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും താരം പറയുന്നു. 

“ഇളയ കുട്ടിയ്ക്ക് വാക്സിൻ എടുക്കാൻ പോകുന്ന വഴിക്കാണ് അപകടം സംഭവിക്കുന്നത്. ചേരാനെല്ലൂർ ഭാഗത്തുവച്ച് ആണ് സംഭവം നടന്നത്. ഞങ്ങള്‍ സഞ്ചരിച്ച കാറും കണ്ടെയ്‌നറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്”. വളരെ ചെറിയ സ്പീഡിൽ ആയിരുന്നു തന്റെ വാഹനമെന്നും, 20 മീറ്റർ മുൻപിലായി ഒരു കണ്ടെയ്‌നർ ഉണ്ടായിരുന്നുവെന്നും അപകടം വിവരിച്ചു കൊണ്ട് ബഷീർ പറയുന്നു

“അത്ര തിരക്ക് ഇല്ലാത്ത റോഡ് ആണ്. പെട്ടെന്ന് ആണ് മുൻപിൽ പോയ കണ്ടെയ്‌നർ സഡൻ ബ്രേക്ക് ഇട്ടത്. പെട്ടെന്ന് എന്റെ കൈയ്യിൽ നിന്നും വണ്ടി പാളി, ബ്രേക്ക് ഇട്ടിട്ട് കാര്യമില്ലെന്ന് മനസിലായി. മറ്റ് രണ്ടുമക്കളും സ്‌കൂളിൽ ആയിരുന്നു”. താനും സോനുവും മഷൂറയും ഇളയകുട്ടിയും ആയിരുന്നു വണ്ടിയിലെന്നും ബഷീർ പറഞ്ഞു.

അപകടം നടക്കും എന്ന് മനസിലായപ്പോൾ തന്നെ കുഞ്ഞിനെ പിടിക്കാൻ താൻ ഒച്ച വച്ചുവെന്നും മഷൂറ കുട്ടിയെ ചേർത്ത് പിടിച്ചുവെന്നും ബഷീര്‍ പറയുന്നു. “വണ്ടി ഇടിച്ചപ്പോൾ തന്നെ എയർബാഗ് ഓൺ ആയി. വലിയ അപകടം ആണ് തലനാരിഴയ്ക്ക് ഒഴിവായത്”- ബഷീർ ബഷിയുടെ വാക്കുകള്‍.

“നമ്മൾക്ക് എത്ര പൈസ ഉണ്ടോ ഉള്ളതുപോലെ ആർക്കെങ്കിലും സഹായം ചെയ്താൽ നമുക്ക് അത് ഗുണം ചെയ്യും. ഞാൻ അഞ്ചുനേരം നമസ്കരിക്കുന്ന ആളൊന്നും അല്ല, പക്ഷെ ഞാൻ എന്നെകൊണ്ട് ആകുന്ന സഹായങ്ങൾ ചെയ്യാറുണ്ട്. അതാണ് ഞങ്ങൾ രക്ഷപെട്ടത്”, തന്‍റെ വിശ്വാസത്തെക്കുറിച്ച് ബഷീര്‍ ബഷി പറയുന്നു. “തെറ്റായ വാർത്തകൾ ഇതേക്കുറിച്ച് വരാം. അതുകൊണ്ടാണ് ഇപ്പോൾ തന്നെ വിവരങ്ങൾ പുറത്തുവിടാം എന്ന് കരുതിയത്”- ബഷീറിന്‍റെ വാക്കുകള്‍.

രണ്ട് തവണ വിവാഹിതനായതിന്റെ പേരിലാണ് ബഷീര്‍ ബഷി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ആദ്യ ഭാര്യ സുഹാനയും അതിലുണ്ടായ രണ്ട് മക്കളും, രണ്ടാം ഭാര്യ മഷൂറയും ആ ബന്ധത്തിലുണ്ടായ മകന്റെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് ബഷീര്‍. കുടുംബത്തിലുണ്ടാവുന്ന നിസാരമായ കാര്യങ്ങള്‍ പോലും താരങ്ങള്‍ വീഡിയോ ആക്കി പുറംലോകത്തേക്ക് എത്തിക്കാറുണ്ട്.

നിങ്ങളുടെ കുടുംബം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ഭൂരിഭാഗം ആരാധകരും ബഷീറിനോട് പറയുന്നത്. സാധാരണഗതിയില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാവുന്നത് ഒരു ഭാര്യമാരും സഹിക്കില്ല. അങ്ങനെയുള്ളപ്പോള്‍ ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നതിനെ സുഹാന എതിര്‍ത്തില്ല. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് കൂട്ടുനിന്ന മികച്ചൊരു ഭാര്യയാണ് അവര്‍. രണ്ടാമത് വന്ന ഭാര്യയും അതേ സൗഹൃദം സൂക്ഷിക്കുന്നയാളായി.

രണ്ടാളും ശരിക്കും സഹോദരിമാരെ പോലെ ഒരു കുടുംബത്തില്‍ സന്തുഷ്ടരായി ജീവിക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. മാത്രമല്ല മഷൂറയെ പോലെ തന്നെ സുഹാനയെയും ചേര്‍ത്ത് പിടിക്കാന്‍ അവരുടെ കുടുംബത്തിന് സാധിക്കുന്നു എന്നതും ശ്രദ്ധേയമാണെന്ന് ആരാധകര്‍ പറയുന്നു.യൂട്യൂബ് ചാനലിന് പുറമേ സ്വന്തമായിട്ടുള്ള ബിസിനസുകളും മുന്നോട്ട് കൊണ്ട് പോവുകയാണ് കുടുംബം. സൗന്ദര്യ വര്‍ധക വസ്തുക്കളും വസ്ത്രങ്ങളുമൊക്കെയായി ബിസിനസ് സംരംഭം കൊണ്ടും ശ്രദ്ധേയരാണ് ബിബി കുടുംബം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News