28.9 C
Kottayam
Wednesday, May 15, 2024

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നാടകീയ രംഗങ്ങള്‍, പൊലീസുകാരോട് ആക്രോശിച്ച് ഗവർണർ; എസ്എഫ്ഐ ബാനറുകൾ നീക്കം ചെയ്ത് പൊലീസ്

Must read

കോഴിക്കോട്:ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകള്‍ നാടീകയ സംഭവങ്ങള്‍ക്ക് പിന്നാലെ രാത്രിയില്‍ നീക്കം ചെയ്ത് പൊലീസ്. ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സിലറോ പൊലീസോ സ്വീകരിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയായിരുന്നു. വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യാന്‍ പൊലീസിനോട് കയര്‍ത്തുകൊണ്ട് പറഞ്ഞത്. ഷെയിംലസ് പീപ്പിള്‍ (നാണംകെട്ട വര്‍ഗം) എന്ന് പൊലീസുകാരെ അധിക്ഷേപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കയര്‍ത്തു സംസാരിച്ചത്.

ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തത്.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ഗവര്‍ണര്‍ ശകാര വര്‍ഷം നടത്തുകയായിരുന്നു. മലപ്പുറം എസ് പി ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥരോടാണ് ഗവർണർ ബാനർ നീക്കാത്തത്തിൽ കയർത്തത്. റോഡിൽ ഇറങ്ങിയശേഷമാണ് ബാനർ നീക്കം ചെയ്യാൻ ഗവര്‍ണര്‍ നിർദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേർന്നാണ് ബാനറുകൾ നീക്കിയത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ഇതിനിടെ ഗവര്‍ണര്‍ താമസിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍ ജയരാജ് എത്തി. സ്ഥലത്തെത്തിയ വിസിയോടും ഗവര്‍ണര്‍ കയര്‍ത്തു. അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ എസ്എഫ്ഐ ബാനര്‍ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്‍റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.


കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ഉയർത്തിയ ബാനറിൽ ശക്തമായ പ്രതിഷേധവുമായി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിസിയോട് വിശദീകരണം തേടാൻ രാജ്ഭവൻ സെക്രട്ടറിക്ക്  ഗവർണർ നിർദേശം നൽകിയിരുന്നു. അതേസമയം ഗവർണറുടെ ഇന്നലത്തെ പരാമർശത്തിൽ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി രംഗത്തെത്തി. വിദ്യാർഥികളെ ക്രമിനലുകൾ എന്ന് വിളിച്ച നടപടി ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.  ഇന്നലെ രാത്രിയിൽ ഗവർണർ വരുമ്പോഴും ഇന്ന് കോഴിക്കോട്ടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴുമെല്ലാം നിര്‍ദേശമുണ്ടായിട്ടും സര്‍വകലാശാല അധികൃതരും പൊലീസും ബാനര്‍ മാറ്റാന്‍ നടപടിയെടുത്തിരുന്നില്ല. വൈകിട്ട് ഗവര്‍ണര്‍ ക്യാമ്പസില്‍ തിരിച്ചെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week