Home-bannerNationalNewsPoliticsRECENT POSTS

രാജ്യത്ത് പൊതുമേഖല ബാങ്കുകള്‍ നാല് മാത്രം,മാന്ദ്യമകറ്റാന്‍ വന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി:കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി വന്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നഷ്ടത്തിലോടുന്ന പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

സര്‍ക്കാരിന്റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകള്‍ ഇവയാണ്:

കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്.

2017-ല്‍ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ രാജ്യത്ത് ആകെ 12 പൊതുമേഖലാ ബാങ്കുകളേയുള്ളൂ.

കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചത്. 2019 ഏപ്രില്‍ 1 മുതലായിരുന്നു ലയനം നിലവില്‍ വന്നത്. 2017-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു.

ഇന്ത്യന്‍ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാല്‍ അത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്റെ മൊത്തം ബാങ്കിംഗ് ബിസിനസ്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയെ ലയിപ്പിച്ചാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായിരിക്കും. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്റെ മൊത്തം വ്യാപാരം.

കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ചാല്‍ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. ആകെ മൊത്തം ബാങ്കിംഗ് വ്യാപാരം 15.2 ലക്ഷം കോടി രൂപയാകും.

പഞ്ചാബ് നാഷണല്‍ ബാങ്കും ഓറിയന്റല്‍ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിച്ചാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കായിരിക്കും ആങ്കര്‍ ബാങ്ക്. ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി പുതിയ ബാങ്ക് മാറും.

55,200 കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറും. ഈ നീക്കം വളര്‍ച്ച ലക്ഷ്യമാക്കിയിട്ടാണെന്നും ധനമന്ത്രി വ്യക്തമാക്കി. ചീഫ് റിസ്‌ക്ക് ഓഫീസര്‍ തസ്തിക ബാങ്കുകളില്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെല്ലാം ലയിപ്പിച്ചപ്പോഴുണ്ടായ പ്രധാന നടപടികളെല്ലാം കുറ്റങ്ങളും കുറവും തീര്‍ത്ത് ഈ ബാങ്കിംഗ് പരിഷ്‌കാരങ്ങളിലും നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഒരുലക്ഷത്തി ആറായിരം കോടി രൂപയുടെ കുറവുണ്ട്. ബാങ്കുകള്‍ ഭവനവായ്പകള്‍ കുറച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു.

ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നു. ബാങ്കുകളില്‍ കൂട്ടപ്പിരിച്ചുവിടലുണ്ടാകില്ല. ഉദ്യോഗസ്ഥരെ കൂടുതല്‍ ഫലപ്രദമായി വിവിധ ഇടങ്ങളിലേക്ക് മാറ്റി നിയമിക്കും. ഒരു ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും വിന്യാസമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker