മുംബൈ:രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെൻഷൻ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തി. പൊതുമേഖലാ ബാങ്കുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും സംശുദ്ധ സ്മാർട്ട് ബാങ്കിങ് ലക്ഷ്യമിട്ടുമുള്ള ഭേദഗതികളടങ്ങിയ ‘ഈസ് 4.0’ (എൻഹാൻസ്‌ഡ് ആക്സസ് ആൻഡ് സർവീസ് എക്സലൻസ്) നയം മുംബൈയിൽ പുറത്തിറക്കിക്കൊണ്ടാണ് ധനമന്ത്രി ഇതു പ്രഖ്യാപിച്ചത്. ഇതോടൊപ്പം ബാങ്ക് ജീവനക്കാരുടെ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.) യിലേക്കുള്ള ബാങ്കുകളുടെ വിഹിതം പത്തുശതമാനത്തിൽനിന്ന് 14 ശതമാനമായി ഉയർത്തുകയും ചെയ്തു.
പ്രഖ്യാപനമനുസരിച്ച് ബാങ്ക് ജീവനക്കാരുടെ കുടുംബ പെൻഷന് മുമ്പുണ്ടായിരുന്ന 9,284 രൂപയെന്ന പരിധി ഇല്ലാതാകും. അവസാന ശമ്പളത്തിന്റെ 30 ശതമാനമാക്കിയതോടെ 30,000 രൂപ മുതൽ 35,000 രൂപ വരെ പെൻഷൻ ലഭ്യമാകുമെന്ന് ഫിനാൻസ് സെക്രട്ടറി ദേബാശിഷ് പാണ്ഡ വ്യക്തമാക്കി.
ബാങ്കുകളുടെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനും കോവിഡ് മഹാമാരിയുടെ പ്രതിസന്ധി മറികടക്കുന്നതിൽ ഓരോ ബാങ്കും കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനുമായി ധനമന്ത്രി 12 പൊതുമേഖലാ ബാങ്കുകളുടെയും സി.ഇ.ഒ.മാരുമായി കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ രൂപവത്കരിക്കാൻ മന്ത്രി ബാങ്കുകളോട് അഭ്യർഥിച്ചു. ഇതോടൊപ്പം വായ്പവളർച്ച മെച്ചപ്പെടുത്തുന്നതിന് ജില്ലകൾ കേന്ദ്രീകരിച്ച് പദ്ധതികളൊരുക്കണം.
ബാങ്കുകളുടെ നേതൃത്വത്തിലുള്ള ആസ്തി പുനർനിർമാണ കമ്പനിയായ എൻ.എ.ആർ.സി.എലിന് ലൈസൻസ് ലഭിക്കാനായി ബാങ്കുകൾ റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ബാഡ് ബാങ്കിനു കൈമാറുന്ന കിട്ടാക്കടത്തിന് സർക്കാർ ഗ്യാരന്റി നിൽക്കുന്ന കാര്യം പരിഗണനയിലാണ്. തുടർച്ചയായി അഞ്ചുവർഷം നഷ്ടം വരുത്തിക്കൊണ്ടിരുന്ന പൊതുമേഖലാ ബാങ്കുകൾ ഇത്തവണ 31,817 കോടി രൂപ ലാഭമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു.
ലോജിസ്റ്റിക് മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും സമയാധിഷ്ഠിതമായി സഹായം ലഭ്യമാക്കുന്ന രീതിയിൽ പദ്ധതികൾ തയ്യാറാക്കാൻ കയറ്റുമതി പ്രോത്സാഹന ഏജൻസികൾ, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാനും ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ വിദേശ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും ചട്ടങ്ങളും അടുത്ത ബജറ്റിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.