കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ വ്യാപകമായി ഓൺലൈനിലൂടെ വൻ കവർച്ച നടത്തിയ മറുനാടൻ സംഘത്തിലെ തലവൻ പോലീസ് പിടിയിൽ. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരള പോലീസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. യുപി പോലീസിൻറ്റെ സഹായത്തോടെയായിരുന്നു പ്രതി ഒളിച്ചു താമസിക്കുന്ന സ്ഥലം വളഞ്ഞ് ഓപറേഷൻ നടത്തിയത്. ഒരു പൊതുമേഖലാ ബാങ്കിലെ ഹെഡ് ഓഫിസിലെ മാനേജരാണെന്ന് പറഞ്ഞാണ് ഇയാൾ ഇടപാടുകാരെ ഫോൺ വഴി വിളിച്ചിരുന്നത്. ഇങ്ങനെ കണ്ണൂർ കോർപറേഷൻ പരിധിയിൽ പള്ളിക്കുന്ന് താമസിക്കുന്ന വീട്ടമ്മയെ ഇയാൾ വിളിച്ചു പരിചയപ്പെടുകയും യാതൊരു സംശയവും തോന്നാത്ത വിധത്തിൽ എടിഎം കാർഡിലെ ഒടിപി നമ്പർ ശേഖരിക്കുകയും ചെയ്തിരുന്നു.
പൊതുമേഖലാ ബാങ്കിന്റ്റെ ഡൽഹിയിലെ ഹെഡ് ഓഫിസിൽ നിന്നാണ് വിളിക്കുന്നതെന്നും സുരക്ഷാകാരണങ്ങളാൽ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒ.ടി പി നമ്പർ വേണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. വളരെ വിശ്വസിനീയമായ രീതിയിൽ മാന്യമായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന യുവാവ് ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിച്ച് യുവതി നമ്പർ നൽകുകയും ചെയ്തു. എന്നാൽ യുവതിയുടെ ബാങ്ക്അക്കൗണ്ടില്‍ നിന്നും ഒമ്പതുലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
ഇതേ തുടർന്ന് പോലീസിനു പരാതി ലഭിച്ചതിന്റ്റെ അടിസ്ഥാനത്തിൽ തട്ടിപ്പ് സംഘത്തിനെതിരെ അന്വേഷണമാരംഭിച്ചത്. അങ്ങനെയാണ് യുപി മിര്‍സാപൂര്‍ സ്വദേശിയായ പ്രവീണ്‍കുമാര്‍ സിംഹി (30) കണ്ണൂര്‍ ടൗണ്‍ പോലിസിന്റ്റെ വലയിലായത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് പണം തട്ടിയതെന്നും ഇനിയും സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.
ഇത്തരത്തിൽ നിരവധിപേരാണ് സംഘത്തിന്റ്റെ തട്ടിപ്പിനിരയായതെന്നും ഇവരെയും ഉടൻ പിടി കൂടുമെന്നും പോലീസ് അറിയിച്ചു. പൊതുമേഖല ബാങ്കിലെ ഇടപാടുകാരെ വിളിച്ച് ഈ രീതിയിൽ ഒടിപി നമ്പർ വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഈ വിഷയത്തിൽ ഇടപാടുകാർ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളുടെ കൂട്ടാളികളെ പിടികൂടാൻ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.