കൊച്ചി:നിസാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് വലിയ നടപടികളാണ്. മുന്നറിയിപ്പ് നൽകുന്നത് എറണാകുളം റൂറൽ ജില്ലാ പോലീസ്. ഇത്തരത്തിൽ വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം റൂറൽ സൈബർ പോലീസ് പിടികൂടിയ ഒൺലൈൻ തട്ടിപ്പു കേസിലെ പ്രതികൾ ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടത്തിയവരാണ്. ഇവരിൽ നിന്നും അക്കൗണ്ടുകൾ വാങ്ങിയവർ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അതിൽ വലിയൊരു പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളുമാണ്.
അതുണ്ട് തന്നെ അക്കൗണ്ട് വിറ്റവർ ഇപ്പോൾ ജയിലിലുമാണ്. ഇത്തരത്തിൽ കൂടുതലും അക്കൗണ്ട് വിൽക്കുന്നത് കോളേജ് വിദ്യാർത്ഥികളും യുവാക്കളും ആണ്. സൈബർ തട്ടിപ്പ് കേസുകളിൽ മിക്കവാറും ആദ്യം പിടിയിലാകുന്നത് അക്കൗണ്ടിന്റെ ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടായിരുന്നെന്നും അതിനായി അക്കൗണ്ട് എടുത്തു നൽകിയെന്നുമാണ് പിടിയിലായവർ പറയുന്നത്.
പലപ്പോഴും ഈ ‘സുഹൃത്ത് ‘ അജ്ഞാതനായിരിക്കും. ഇനി ഇവർ പറയുന്ന സുഹൃത്തിനെ പിടികൂടിയാലോ അയാൾ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തും. ഇൻസ്റ്റായിലൂടെയോ, ടെലഗ്രാമിലൂടെയോ പരിചയപ്പെട്ട് സുഹൃത്തുക്കളായ തട്ടിപ്പുസംഘത്തിനും അക്കൗണ്ട് എടുത്ത് നൽകുന്നവരുണ്ട്. അക്കൗണ്ടിൽ വരുന്ന തുകയ്ക്കനുസരിച്ച് മാസം കമ്മീഷനോ, അല്ലെങ്കിൽ പതിനായിരം രൂപ മുതലുള്ള ഒരു തുകയോ ആയിരിക്കും അക്കൗണ്ടിന്റെ ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്.
അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയക്കുന്നത് ആരാണെന്നോ, എന്തിനാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് തുക പിൻവലിക്കുന്നതെന്നോ യഥാർത്ഥ ഉടമകൾ അറിയുന്നുണ്ടാവില്ല. അറസ്റ്റിലായിക്കഴിയുമ്പോഴാണ് ഈ ഗുരുതര കുറ്റത്തിന്റെ തീവൃത പലരും മനസിലാക്കുന്നത്. കുറെയധികം ആളുകൾ സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും പേരിൽ അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പ് സംഘത്തിന് വിറ്റ് കാശാക്കിയിട്ടുണ്ട്.
പാൻ കാർഡ്, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ പരിചയമില്ലാത്തവർക്ക് കൈമാറരുതെന്ന മുന്നറിയിപ്പും ആളുകൾ അവഗണിക്കുകയാണ്. ഇതുപയോഗിച്ച് തട്ടിപ്പുസംഘം അക്കൗണ്ടെടുക്കുന്ന രീതിയും കണ്ടുവരുന്നു. “ഇത് കേരളത്തിൽ പുതുതായി വളർന്നു വരുന്ന അപകടരമായ തട്ടിപ്പ് രീതിയാണ്.
നേരത്തെ മറ്റു സംസ്ഥാനങ്ങളാലാണ് ഇത്തരം രീതികൾ കണ്ടു വന്നിട്ടുള്ളത്. ഈ തട്ടിപ്പിന്റെ വ്യാപ്തിയും പൊതു സമൂഹം മനസിലാക്കിയില്ല. അതുകൊണ്ടാണ് ഇത്തരം മുന്നറിയിപ്പു നൽകുന്നതെന്ന് ” ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.