കൊച്ചി: മെസേജിംഗ് ആപ്പായ ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നിയമവിദ്യാര്‍ത്ഥിനി. ആപ്പ് വഴി തീവ്രവാദവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന് കാണിച്ചാണ് ആപ്പ് നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണല്‍ ലോ സ്‌കൂള്‍ ഒഫ് ഇന്ത്യയിലെ എല്‍.എല്‍.എം വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ അഥീന സോളമന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
റഷ്യന്‍ ആപ്പായ ടെലഗ്രാമില്‍ അയക്കുന്നതാരെന്ന് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. 2013ലാണ് ആപ്പ് നിലവില്‍ വന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും രഹസ്യസന്ദേശങ്ങളായി അയക്കുന്നതായും തീവ്രവാദം പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ആപ്പ് നിരോധിച്ച കാര്യവും അഥീന തന്റെ ഹര്‍ജിയുടെ ചൂണ്ടിക്കാട്ടുന്നു. സമൂഹമാദ്ധ്യമങ്ങള്‍ രാജ്യത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ഏതാനും ദിവസം മുന്‍പ് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.