ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീരണമുണ്ടാക്കുന്ന പടക്കങ്ങള്‍ക്കുള്ള നിരോധനം രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. ഹരിത പടക്കങ്ങള്‍ക്ക് മാത്രം അനുമതി നൽകിക്കൊണ്ടുള്ള 2021-ലെ സുപ്രീം കോടതി വിധി ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യവ്യാപകമായി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാലത്ത് കുട്ടികള്‍ പടക്കം പൊട്ടിക്കാറില്ലെന്നും മുതിര്‍ന്നവരാണ് അത് ചെയ്യുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
അന്തരീക്ഷ, ശബ്ദ മലിനീകരണം നിയന്ത്രിക്കാനായി ബേരിയം സോള്‍ട്ട് ഉള്‍പ്പെടെയുള്ള മലിനീകാരികളായ രാസവസ്തുക്കള്‍ അടങ്ങിയ പടക്കങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.
അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതിന് പ്രത്യേക നിര്‍ദ്ദേശം വേണ്ടെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ രാജ്യവ്യാപകമായി ബാധകമാണെന്ന് പറഞ്ഞ കോടതി, മുന്‍ ഉത്തരവ് പാലിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
ഉത്സവകാലങ്ങളില്‍ മാത്രം ബാധകമായ ഉത്തരവല്ല ഇതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മലിനീകരണം നിയന്ത്രിക്കുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും കോടതിയുടെ മാത്രം ചുമതലയല്ലെന്നും അത് എല്ലാവരുടേതുമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വാദത്തിനിടെ പരാമര്‍ശിക്കപ്പെട്ട വിധി 2021-ലാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായ നിരോധനമില്ലെന്നും ബേരിയം സോള്‍ട്ട് പോലുള്ള മലിനീകാരികളായ രാസവസ്തുക്കള്‍ അടങ്ങിയ പടക്കങ്ങള്‍ക്കാണ് നിരോധനമെന്നുമാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്.
നേരത്തേ 2018-ല്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി പ്രത്യേക സമയം ഏര്‍പ്പെടുത്തിയിരുന്നു. ദീപാവലി കാലത്ത് രാത്രി എട്ട് മണി മുതല്‍ 10 മണി വരെയും ക്രിസ്മസ്-പുതുവര്‍ഷരാവുകളില്‍ 11:55 മുതല്‍ 12:30 വരെയും പടക്കം പൊട്ടിക്കാമെന്നാണ് അന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.