കുട്ടികളുടെ ശവപ്പറമ്പായി ഗാസ;ജീവൻ നഷ്ടമായത് നാലായിരത്തിലേറെ കുട്ടികൾക്ക്,രൂക്ഷമായ പ്രതികരണവുമായി യുഎൻ
ഗാസ: ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഏഴിന് ഹമാസ് സായുധ സംഘം ഇസ്രയേൽ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ തുടരുന്ന സൈനിക ആക്രമണത്തിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ നാലായിരത്തി ഒരുനൂറ്റി നാല് പേരും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്.
വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വടക്കൻ ഗാസയിൽ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീരുകയാണ്. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യു എ ഇ തീരുമാനിച്ചു. യു എ ഇ പ്രസിഡന്‍റിന്‍റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അഞ്ച് വിമാനങ്ങൾ ഗാസയിൽ എത്തും.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഗാസയിൽ ഇപ്പോഴും ഇസ്രയേൽ സൈനിക ആക്രമണം തുടരുകയാണ്. വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ അമേരിക്കയുടെയും ബ്രിട്ടന്‍റെയും നിലപാടിന് വിരുദ്ധമായി സാശ്വതമായ വെടി നിർത്തൽ വേണമെന്ന് ഫ്രാൻസ് യു എനിൽ നിലപാടെടുത്തു എന്നത് ശ്രദ്ധേയമായി.
മനുഷ്യത്വ പരമായ വെടി നിർത്തലിന് യു എൻ വീണ്ടും ആഹ്വാനം ചെയ്തു. എന്നാൽ ബന്ദികളെ വിട്ടയ്ക്കും വരെ വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.
എന്നാൽ ആക്രമണത്തിന് തന്ത്രപരമായ ചില ഇടവേളകൾ നൽകുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ചർച്ചയ്ക്ക് ശേഷം നെതന്യാഹു പറഞ്ഞു എന്ന റിപ്പോർട്ടുകളും യു എന്നിൽ നിന്നും പുറത്തുവരുന്നുണ്ട്.