ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ സഹതാരമായ ബാല നടത്തിയ വെളിപ്പെടുത്തല്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കായിരുന്നു ഇടയാക്കിയത്. താനുള്‍പ്പടെ പല താരങ്ങള്‍ക്കും അണിയറ പ്രവർത്തകർക്കും ഉണ്ണി മുകുന്ദന്‍ വേതനം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. എന്നാല്‍ ഇത് തള്ളിക്കൊണ്ട് ചിത്രത്തിനെ സംവിധായകന്‍ അനൂപും ഉണ്ണി മുകുന്ദനും രംഗത്തെത്തി.
ഇതിനിടയിലായിരുന്നു ബാലയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി നിർമ്മാതാവ് സജി നന്ത്യാട്ട് മുന്നോട്ട് വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവും ഉണ്ണി മുകുന്ദന് മറുപടിയുമായി ബാല രംഗത്ത് വന്നിരിക്കുകയാണ്. സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ ഒരു അഭിമുഖത്തിനില്ലെന്ന് ഞാന്‍ വ്യക്തമാക്കിയതായിരുന്നു. മലയാള സിനിമയേ വേണ്ട. എന്നെ ചതിച്ചപ്പോള്‍ ഒരാള്‍ പോലും ഇടപെട്ടിട്ടില്ല. ഞാന്‍ ചെന്നൈയിലേക്ക് പോവാനും തീരുമാനിച്ചിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നവരുണ്ട്. ഒരു കണക്കിന് കള്ളം പറയുന്നത് അവരേക്കാള്‍ ബെറ്ററാണ്.
ഇന്നലെ ഒരു ചാനല്‍ ചർച്ച കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ആ ചർച്ചയില്‍ നികേഷ് കുമാർ എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. അതില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അത് എല്ലാവരും കേട്ട കാര്യമാണ്. അതിനാല്‍ തന്നെ വീണ്ടും പറയുന്നില്ല. എല്ലാം അറിഞ്ഞിട്ടും എന്നെ കുറ്റം പറയുന്നത് കോമഡിയാണ്. ഇപ്പോള്‍ വരുന്ന ട്രോളുകളൊന്നും കാണാന്‍ എലിസബത്ത് സമ്മതിക്കുന്നില്ല. സമ്മർദ്ദം കൂടുതലാവുമെന്നതിനാലാണ് അത്.
ജിവീതത്തില്‍ ആദ്യമായി ഒരോളോട് വളരെ വളരെ അധികം ദേഷ്യമുണ്ട്. ആരാണ് ഈ സജി നന്ത്യാട്ട്. എന്തിനാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് അദ്ദേഹം വന്നത്. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയ്ക്കും പുള്ളിയ്ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. അങ്ങനെയൊരാളെ എനിക്ക് പരിചയമേ ഇല്ല.
അദ്ദേഹം ചർച്ചയില്‍ പങ്കെടുത്ത് പറഞ്ഞതിനെക്കുറിച്ച് എനിക്ക് പൂർണ്ണമായും അറിയില്ല. കേട്ടിട്ടുള്ള അറിവാണ്. ഷൈന്‍ ടോം ചാക്കോ കഞ്ചാവ് അടിക്കുന്നു, ബാലയും കഞ്ചാവ് അടിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സത്യമായിട്ടും അതൊന്നുമില്ല. ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരുപാട് റിസ്കെടുത്തിട്ടുണ്ട്. എന്റെ കണ്ണില്‍ നിന്ന് ചോരവരെ വന്നു. ഇതുവും പബ്ലിക് സ്റ്റണ്ടാണെന്ന് പറയും.
എന്നെ സ്നേഹിക്കുന്നവർക്കൊപ്പം ഞാന്‍ നില്‍ക്കും. നിങ്ങളെന്നെ ചതിക്കുവാണെങ്കില്‍ പോലും രക്ഷപ്പെടുത്താന്‍ നോക്കും. അത് എന്റെ ക്യാരക്ടറാണ്. ഉണ്ണി മുകുന്ദന്‍ എന്നെ ചതിച്ചു എന്നതിലെ ഒരു വാക്കും ഞാന്‍ മാറ്റുന്നില്ല. രണ്ട് ലക്ഷം രൂപ എനിക്ക് തന്നുവെന്ന് പറയുന്നതില്‍ തന്നെ അത് കള്ളമാണ്. 56 പടം കഴിഞ്ഞ ഒരു നടന് ഇരുപത് ദിവസത്തേക്ക് രണ്ട് ലക്ഷമോ. അതൊക്കെ വിട് അവന്‍ നന്നായി ജീവിക്കട്ടേയെന്നും ബാല പറയുന്നു.
ഇവിടെ സിനിമ മേഖലയിലെ തർക്കങ്ങള്‍ തീർക്കുന്നത് സംഘടനകളാണ്. അല്ലാതെ ബാല ആരാണെന്നായിരുന്നു റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടത്. എല്ലാവരുടേയും ലക്ഷ്യം ഉണ്ണി മുകുന്ദനാണ്. അതുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് മാത്രം പൈസ കൊടുത്തെന്ന് പറയുന്നത്. ഇപ്പോള്‍ ബാല അത് പിന്‍വലിക്കാന്‍ തയ്യാറായല്ലോ. അമ്മായി അച്ഛനും അമ്മായി അമ്മയും ഭാര്യയുമൊക്കെയായിട്ടാണ് ബാല വന്നതെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു.