കാണ്‍പൂരില്‍: ഓട്ടോറിക്ഷാ തൊഴിലാളിയെ മര്‍ദ്ദിച്ച് അവശനാക്കി നിര്‍ബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ കൊടുംക്രൂരത. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മുസ്ലിം മതവിശ്വാസിയായ തൊഴിലാളിയെ ആക്രമിച്ചത്. കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് നാല്‍പത്തിയഞ്ചുകാരനായ റിക്ഷാതൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പിതാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ബാലികയായ മകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാണ്‍പൂര്‍ നഗരത്തില്‍ പട്ടാപ്പകലായിരുന്നു ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. 45 വയസ്സുകാരനായ മുസ്ലിം റിക്ഷാ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും ജയ് ശ്രീ റാം മുദ്രാവാക്യം വിളിപ്പിച്ച് നഗരമധ്യത്തിലൂടെ നടത്തിക്കുന്നതും ദൃശ്യത്തിലുണ്ട്. തന്റെ പിതാവിനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്ന മകളുടെ ദൃശ്യവും കരളലിയിപ്പിക്കുന്താണ്.
ഒടുവില്‍ പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. റിക്ഷാ തൊഴിലാളിയുടെ പരാതിയെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, അമന്‍, രാജേഷ് എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. പിന്നീട് ഈ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഇന്നലെരാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
ഹിന്ദു സ്ത്രീയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ കാണ്‍പൂരില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാട്ടം നടത്തിയത്.